അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ രഞ്ജിത്തിന് യോഗ്യതയില്ല,സിപിഐ

Advertisement

തിരുവനന്തപുരം.ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരെ സിപിഐ. ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാൽ അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ രഞ്ജിത്തിന് യോഗ്യതയില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു. അതിനിടെ വിവാദത്തിൽ ചെയർമാൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും എ.ഐ.വൈ.എഫ് പരാതി നൽകിയതിന് തൊട്ടു പിന്നാലെയാണ്, വിഷയത്തിൽ മുതിർന്ന നേതാക്കളും ഇടപെടുന്നത്. രഞ്ജിത്ത് ജൂറിയെ സ്വാധീനിച്ചെങ്കിൽ അത് ന്യായീകരിക്കാൻ കഴിയില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു.

വിവാദത്തിൽ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സംവിധായകൻ വിനയൻ നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആണ് നടപടി. എത്രയും വേഗം വിഷയമന്വേഷിച്ച് സംസ്കാരിക വകുപ്പ് റിപ്പോർട്ട് നൽകണം. വിനയൻ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടു എന്നുള്ളതാണ് ആരോപണം. ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദ സന്ദേശങ്ങളും വിനയൻ പുറത്ത് വിട്ടിരുന്നു. വിവാദം ഉയർന്നതിന് പിന്നാലെ രഞ്ജിത്തിനെ ന്യായീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതോടെ സജി ചെറിയാനും പ്രതിരോധത്തിലായി.

Advertisement