വാർത്താ നോട്ടം

Advertisement

2023 ആഗസ്റ്റ് 04 വെള്ളി

BREAKING NEWS

👉 നെയ്യറ്റിൻകര അമരവിളയിൽ റിട്ട. എസ് ഐ യുടെ വീട്ടിൽ ഗുണ്ടാ ആക്രമണം. ഇന്ന് പുലർച്ചെ 2.30 ന് മൂന്ന് ബൈക്ക്കളിലായി എത്തിയ സംഘം വാഹനങ്ങൾ തകർത്തു.

👉മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.നാല് കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു.

👉ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ്കാർക്ക് മാത്രം

👉 അട്ടപ്പാടിയിൽ കാട്ടാന കാർ തകർത്തു. രണ്ട് കുട്ടികളും വൃദ്ധയുമുൾപ്പെട്ട 5 അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്.

👉ഭൂപതിവ് ചട്ടഭേദഗതി ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ ഉൾപ്പെടുത്തിട്ടില്ല.

👉നാമ ജപഘോഷയാത്രക്ക് എതിരായ കേസ് : എൻ എസ് എസ് കോടതിയിലേക്ക്.

👉തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്

👉എ ഐ എ ഡി എം കെ നേതൃയോഗം ഇന്ന്

കേരളീയം

🙏സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം. മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിനാണു നിര്‍ദേശം നല്‍കിയത്. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

🙏വിശ്വാസം സംരക്ഷിക്കാന്‍ സമരങ്ങള്‍ നയിച്ചു തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ വിശ്വാസികള്‍ക്ക് എതിരാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും കണ്ണൂരില്‍ ബാലസംഘത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കവേ അദ്ദേഹം ചോദിച്ചു.

🙏സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു തയാറാക്കിയ 43 പേരുടെ പട്ടികയില്‍നിന്ന് രണ്ടാഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നു മന്ത്രി ആര്‍. ബിന്ദു നിര്‍ദ്ദേശിച്ചിരിക്കേയാണ് പട്ടിക അന്തിമ പട്ടികയായി പരിഗണിച്ച് നിയമനം നടത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

🙏സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന എംപിമാരുടേയും എംഎല്‍എമാരുടേയും വാഹനങ്ങള്‍ക്കു പിഴയിടുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു. ഇതിനകം പത്ത് എംപിമാര്‍ അടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്കാണു പിഴ ചുമത്തിയത്. കാമറ സ്ഥാപിച്ചതിനു ശേഷം വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ജൂണ്‍ അഞ്ചു മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 32,42,277 നിയമലംഘനങ്ങള്‍ കണ്ടെത്തി.

🙏തിരൂരങ്ങാടിയില്‍ നാലു വയസുകാരിക്കു ലൈംഗിക പീഡനം. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഗ്വാളിയോര്‍ സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തു. പീഡിപ്പിക്കപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി.

🙏നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണക്കോടതി എട്ടു മാസംകൂടി സാവകാശം തേടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം വേണമെന്നാണ് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ മാസം 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

🙏സംഘപരിവാറിനേ
പോലെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോള്‍വാക്കള്‍റേയും തിരിച്ചറിയാന്‍ പറ്റില്ലെങ്കില്‍ എന്തു ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

🙏എന്‍എസ്എസിന്റെ നാമജപയാത്രക്കെതിരെ കേസെടുത്തത് ശബരിമല പ്രക്ഷോഭത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേസെടുക്കേണ്ടത് സ്പീക്കര്‍ ഷംസീറിന് എതിരെയാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

🙏ലൈഫ് മിഷന്‍ കോഴ കേസില്‍ സുപ്രീംകോടതിയില്‍നിന്ന് ഇടക്കാല ജാമ്യം ലഭിച്ച എം ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങി. ചികിത്സയ്ക്കു മാത്രം രണ്ടു മാസത്തെ ജാമ്യ കാലാവധി ഉപയോഗിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.

🙏സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം. എട്ട് വര്‍ഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രി അവകാശപ്പെടുന്ന 13 ഇനങ്ങളില്‍ പകുതിയും ലഭ്യമല്ല. ചെറുപയര്‍, വന്‍ പയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക്, മല്ലി എന്നിവയ്ക്കാണു ക്ഷാമം.

🙏ആളുമാറി കേസെടുത്തതിനെത്തുടര്‍ന്ന് പാലക്കാട് കുനിശ്ശേരി സ്വദേശിയും 84 കാരിയുമായ ഭാരതിയമ്മ നാലു വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവം അന്വേഷിച്ച് ഒരു മാസത്തിനകെ റിപ്പോര്‍ട്ടു തരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പൊലീസ് മേധാവിയോടാണ് നിര്‍ദേശം.

🙏കേരളത്തില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളില്‍ കേരളത്തനിമയുള്ള ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി റെയില്‍വേ മന്ത്രിക്കു കത്തു നല്‍കി. കേരളത്തില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനില്‍ ഉത്തരേന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ മാത്രം വിതരണം ചെയ്താല്‍ പോരെന്നാണ് ആവശ്യം.

🙏മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയില്‍ കീഴടങ്ങി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സുദീപിനു ജാമ്യം അനുവദിച്ചു. ശനിയാഴ്ച തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സുദീപിനു നിര്‍ദ്ദേശം നല്‍കി.

🙏വ്യാജ മയക്കുമരുന്നു കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്ന ഷീല സണ്ണിയുടെ ചാലക്കുടിയിലെ പുതിയ ബ്യൂട്ടി പാര്‍ലര്‍ മന്ത്രി എംബി രാജേഷ് സന്ദര്‍ശിച്ചു. ഷീല സണ്ണിക്കുണ്ടായ ദുരനുഭവം മനസിലാക്കി അവരെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നെന്ന് മന്ത്രി പറഞ്ഞു.

🙏ഭിന്നശേഷിക്കാര്‍ക്കു സൗജന്യമായി നല്‍കാനുളള വീല്‍ ചെയറുകള്‍ ചുമട്ടുകൂലി തര്‍ക്കംമൂലം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇറക്കി. രണ്ടു ലോഡ് സാധനങ്ങള്‍ ഇറക്കാന്‍ 11,000 രൂപയാണ് സിഐടിയു തൊഴിലാളികള്‍
ആവശ്യപ്പെട്ടത്.

🙏സാഹിത്യകാരനും അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. കാസര്‍കോട് ചെര്‍ക്കളയിലെ ബേവിഞ്ച സ്വദേശിയാണ്.

🙏പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീര്‍ (ഷക്കീര്‍ ഇസ്മയില്‍) കൊച്ചിയില്‍ അന്തരിച്ചു. 62 വയസായിരുന്നു.

🙏സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

🙏സ്‌കൂള്‍ വിട്ടു വീട്ടിലേക്കു മടങ്ങവെ കാര്‍ അപകടത്തില്‍പ്പെട്ട് എറണാകുളം സ്വദേശിയായ ആറു വയസുകാരി മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി റ്റാക്കിന്‍ ഫ്രാന്‍സിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വര്‍ഗീസിന്റെയും മകളും സീബ് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അല്‍ന റ്റാകിനാണ് മരിച്ചത്.

🙏വയനാട് ജില്ലയിലെ നിരവില്‍പ്പുഴ കീച്ചേരി കോളനിയില്‍ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരാണ് മരിച്ചത്. ഒരു ഷാളില്‍ ഇരുവരും തൂങ്ങിയ നിലയിലായിരുന്നു. വിനീത ഗര്‍ഭിണിയായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ജീര്‍ണിച്ചിട്ടുണ്ട്

🙏ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സര്‍ക്കാരിന്റെ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി പി രാജീവ് കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവര്‍ക്കൊപ്പം കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവു കൈമാറിയത്.

ദേശീയം

🙏ഡല്‍ഹി സംസ്ഥാന സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര വകുപ്പു കൈയടക്കുന്ന ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലാണു പാസാക്കിയത്. സഭയില്‍ ബില്‍ കീറിയെറിഞ്ഞ ആം ആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ സ്പീക്കര്‍ സസ്പെന്‍ഡു ചെയ്തു. സുപ്രീം കോടതി വിധിയെ മറികടക്കാനാണ് മോദി സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്.

🙏ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പ് സര്‍വേയ്ക്ക് അനുവാദം നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ പള്ളിക്കമ്മറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

🙏മണിപ്പൂരില്‍ കലാപത്തിന്റെ തൊണ്ണൂറാം ദിവസവും വ്യാപക അക്രമം. ബിഷ്ണുപൂരിയില്‍ മെയ്തെയ് ജനക്കൂട്ടം ഐആര്‍ബി ക്യാമ്പ് ആക്രമിച്ച് ആയുധങ്ങള്‍ കൊള്ളയടിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട 35 കുക്കികളുടെ കൂട്ട സംസ്‌ക്കാരം മെയ്തെയ് വിഭാഗക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഹൈക്കോടതി തടഞ്ഞു. ഇംഫാല്‍ വെസ്റ്റിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

🙏കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയവും പ്രവര്‍ത്തനശൈലിയും കേരളത്തില്‍ മാതൃകയാക്കണമെന്ന് രാഹുല്‍ ഗാന്ധി. എഐസിസി ആസ്ഥാനത്ത് സംസ്ഥാന നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തനവും അജണ്ടയില്‍ ഊന്നിയുള്ള നീക്കവുമുണ്ടെങ്കിലേ വിജയിക്കൂ.

🙏ഡിജിറ്റല്‍ വിവര സുരക്ഷ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പൗരന്‍മാരുടെ വ്യക്തിവിവരങ്ങളില്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മണിപ്പൂര്‍ വിഷയത്തിലെ ബഹളം നിര്‍ത്തിയാണ് പ്രതിപക്ഷം ബില്ലവതരണത്തെ എതിര്‍ത്തത്.

🙏രാജസ്ഥാനില്‍ ആടുമേയ്ക്കാന്‍ പോയ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി കൊന്നു. ഭില്‍ലവാരയിലെ ഒരു ഇഷ്ടിക ചൂളയില്‍നിന്നാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അന്തർദ്ദേശീയം

🙏ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ കൊല്ലപ്പെട്ടു. അബു ഹുസൈനി അല്‍ ഖുറേഷി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷിയെ പുതിയ തലവനായി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചു. സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഹയാത് താഹിര്‍ അല്‍ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടത്.

കായികം

ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാല് റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്. 150 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ കളി മറന്ന മത്സരത്തില്‍ 39 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Advertisement