മലപ്പുറം: ആരുടെയും പേര് എടുത്തുപറയാതെയുള്ള അബ്ദുറബിൻറെ പരിഹാസ കുറിപ്പിന് താഴെ കുറിപ്പ് ആരെക്കുറിച്ചാണെന്നതിൽ ചർച്ച. ചില കാരണവൻമാരെപോലെ അനാവശ്യ അഭിപ്രായം മാത്രം പറയുന്ന തരത്തിലുള്ളവരെ കണ്ടാൽ എന്ത് ചെയ്യണം എന്നതാണ് അബ്ദുറബ് പരിഹാസ രൂപേണ കുറിച്ചത്.
മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിനായി ലീഗ് പിരിച്ച തുകയുമായി ബന്ധപ്പെടുത്തി അഭിപ്രായം പറയുന്നവർക്കെതിരായ വിമർശനമാണ് അബ്ദുറബ് ഉന്നയിച്ചതെന്നാണ് കമൻറുകൾ വ്യക്തമാക്കുന്നത്. കെ ടി ജലീലിൻറെ പേരെടുത്തു പറഞ്ഞും ചിലർ കമൻറ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അബ്ദുറബ് തന്നെയിട്ട മറ്റൊരു പോസ്റ്റിൽ കെ ടി ജലീലിൻറെ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് ഉണ്ടായിരുന്നു. ഡൽഹിയിലെ മുസ്ലിം ലീഗ് ആസ്ഥാനമന്ദിരത്തിനായി ലീഗ് പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം. പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം തൽക്കാലം ലീഗ് പാർട്ടിക്കു വേണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം അബ്ദുറബ്, ജലീലിൻറെ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് പറഞ്ഞത്. അതുകൊണ്ടുതന്നെ കെ ടി ജലീലിനെതിരെയാണ് പുതിയ കുറിപ്പിലെയും വിമർശനം എന്ന് വായിച്ചെടുക്കാൻ പലർക്കും പ്രയാസമുണ്ടാകില്ല.
അബ്ദുറബിൻറെ കുറിപ്പ് പൂർണരൂപത്തിൽ
ചില കാരണവൻമാരെ
നിങ്ങൾ കണ്ടിട്ടുണ്ടോ,
കുടുംബത്തിൽ എന്തെങ്കിലും
കല്യാണ ആലോചനയോ മറ്റോ നടക്കുകയാണെങ്കിൽ
പെണ്ണു കാണലിനോ, നിശ്ചയത്തിനോ,
എന്തിന് കല്യാണത്തലേന്ന് പോലും
ആ വഴിക്ക് അവർ തിരിഞ്ഞ് നോക്കില്ല,
കല്യാണ ദിവസമാവട്ടെ എല്ലാവരും
വരുന്ന മുഹൂർത്തം നോക്കി കയറി വരും,
എന്നിട്ട് കാരണവരായി ഞെളിഞ്ഞങ്ങനെ
നിൽക്കും, പിന്നെ കാണുന്നതിലൊക്കെ
കയറി അങ്ങനെ ഓരോ അഭിപ്രായം
പറയും,
ഇതങ്ങോട്ട് വെക്ക്,
അതിങ്ങോട്ട് വെക്ക്,
പന്തലിങ്ങനെ പോരാ,
കസേര ഇത്ര പോരാ,
ചെമ്പിന് വലിപ്പം പോരാ,
ബിരിയാണി ചൂട് പോരാ,
പായസത്തിന് മധുരം പോരാ….
പുയ്യാപ്ല പോകാനുള്ള
കാറ് പോരാ…..
ഇങ്ങനെ അഭിപ്രായം പറയുന്നവരെ
കണ്ടാൽ എന്തു ചെയ്യണം
നിങ്ങള് പറ!