വിലക്കയറ്റം തടയാന്‍ സപ്ലൈകോ വിപണി ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

Advertisement

തിരുവനന്തപുരം . ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ സപ്ലൈകോ വിപണി ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്‍പ്പെടെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. അഞ്ചു ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാകും സാധരണങ്ങള്‍ വിതരണം ചെയ്യുക. ഓണത്തിനോടനുബന്ധിച്ച് വിലവര്‍ദ്ധനവ് തടയാന്‍ റേഷന്‍ കടകളിലൂടെ അരിയുടെ വിതരണം ക്രമീകരിക്കും.

ഓഗസ്റ്റ് 18 മുതല്‍ 28 വരെയാണ് സപ്ലൈകോയുടെ ഓണം ഫെയര്‍. 18ന് തിരുവനന്തപുരത്ത് ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാതലത്തില്‍ 19 നും നിയോജക മണ്ഡല അടിസ്ഥാനത്തില്‍ 23 നും ഫെയറുകള്‍ തുടങ്ങും. 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാകുന്നത്. ഓണത്തോടനുബന്ധിച്ച് 5 ഇനം ശബരി ഉല്‍പ്പന്നങ്ങള്‍ സപ്ലൈകോ പുതുതായി വിപണിയില്‍ ഇറക്കും. 250കോടി രൂപയുടെ അവശ്യസാധനങ്ങളാണ് ഓണക്കാല വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിക്കുന്നത്.

ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ റേഷന്‍കടകളിലൂടെയുള്ള അരിയുടെ വിതരണം പുനക്രമീകരിച്ചു. 30 ശതമാനം മാത്രമായിരിക്കും പച്ചരി. ഓരോ മാസവും ഇ-ടെണ്ടര്‍ വഴിയാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ ലഭ്യമാകുന്നത്. 25-ാം തീയതിയോടുകൂടി അവശ്യസാധനങ്ങള്‍ വിറ്റു തീരും. മാസത്തിന്റെ അവസാന നാളുകളില്‍ ചില അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന സാഹചര്യമുണ്ട്. ഇതാണ് സപ്ലൈകോ വില്‍പ്പനശാലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലെന്ന പ്രചാരണത്തിന് കാരണമെന്നും മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഒരു തരത്തിലും ഓണം ഫെയറുകളെ ബാധിക്കാതിരിക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.