കൂട്ടായ്മകളുടെ പ്രവര്‍ത്തനവും പ്രാര്‍ഥനയും വിഫലം, ആന്‍മരിയ പോയി

Advertisement

ഇടുക്കി. കട്ടപ്പന ഇരട്ടയാറിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ മരിയ ജോയ് അന്തരിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിലെ കുർബാനക്കിടയാണ് ആൻ മരിയയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.

ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിലാണ് ആന്മരിയയെ ആദ്യം പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാരുടെ നിർദ്ദേശം. മുന്നിൽ ഉണ്ടായിരുന്ന വെല്ലുവിളി കൊച്ചിയിൽ എത്താൻ എടുക്കുന്ന സമയം തന്നെയായിരുന്നു. ആംബുലൻസിൽ കൊണ്ടുപോകുന്ന കുട്ടിക്ക് വഴിയൊരുക്കാൻ ബന്ധുക്കൾ അഭ്യർത്ഥിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് ഇടപെട്ടു. മാധ്യമങ്ങളും, സമൂഹമാധ്യമ കൂട്ടായ്മകളും ആംബുലൻസ് കടന്നു പോകുന്ന വഴി പ്രചരിപ്പിച്ചു. നാട് ഒന്നാകെ ആൻ മരിയയ്ക്ക് വേണ്ടി കൈകോർത്തു.

തടസ്സങ്ങൾ ഒന്നുമില്ലാതെ കട്ടപ്പനയിൽ നിന്ന് രണ്ടരമണിക്കൂർ 39 മിനിറ്റുകൊണ്ട് ആൻ മരിയയെ അമൃത ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം കുട്ടിക്ക് ചികിത്സ നൽകി. ആദ്യ ദിവസങ്ങളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയും ഉണ്ടായി. എന്നാൽ പിന്നീട് നില കൂടുതൽ വഷളാവുകയായിരുന്നു. തുടർന്ന് ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. പൂർണ്ണ ആരോഗ്യവതിയായി ആൻ മരിയ തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇന്നലെ രാത്രി 11.40 ന് അന്ത്യം സംഭവിച്ചു. നാളെ 2 മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

Advertisement