എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളില്‍ നിന്നും കാണാതായ രണ്ടു വിദ്യാർത്ഥികളെ കണ്ടെത്തി

Advertisement

തൃശൂർ എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളില്‍ നിന്നും കാണാതായ രണ്ടു വിദ്യാർത്ഥികളെ കണ്ടെത്തി. വടക്കാഞ്ചേരി അകമല ക്ഷേത്രത്തിന് സമീപത്ത് നിന്നും മുള്ളൂര്‍ക്കര സ്വദേശി അനസ് എന്നയാളാണ് കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും അനസ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ടിസി നൽകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞതിൽ മനംനൊന്താണ് നാടുവിട്ടതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഇരുവരേയും കണ്ടെത്തിയത്. മുള്ളൂര്‍ക്കര സ്വദേശി അനസ് എന്നയാള്‍ ബെെക്കില്‍ സഞ്ചരിക്കവേ വടക്കാഞ്ചേരി അകമല അമ്പലത്തിന് സമീപത്ത് വെച്ച് കുട്ടികളെ കാാണുകയായിരുന്നു. ഉടന്‍ അനസ് ഇരുവരേയും തന്‍റെ ബെെക്കില്‍ അടുത്തുള്ള വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. സറ്റേഷനില്‍ എത്തുമ്പോള്‍ കുട്ടികള്‍ വിശന്ന് തളര്‍ന്ന അവസ്ഥയിലായിരുന്നു. ഉടന്‍ പോലീസ് ഭക്ഷണം വാങ്ങി നല്‍കി. തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് എത്തി കുട്ടികളെ എരുമപ്പെട്ടി സ്റ്റേഷനില്‍ എത്തിച്ചു.
എറണാകുളത്ത് നിന്നും ട്രയിന്‍ മാര്‍ഗ്ഗം ഷൊറണൂരില്‍ എത്തിയ ശേഷം അവിടെനിന്നും കാല്‍നടയായി അകമലയില്‍ എത്തുകയായിരുന്നുവെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. കുട്ടികളെ കണ്ടെത്തിയ സന്തോഷം അടക്കിപ്പിടിക്കാൻ കഴിയാതെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.

വിദ്യാർത്ഥികളെ വ്യാഴാഴ്ച്ച ഉച്ച മുതല്‍ ആണ് സ്കൂളില്‍ നിന്നും കാണാതായത്. കുട്ടികൾ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളത്തെത്തുകയായിരുന്നു. കുട്ടികളെ കാണാതായ വിവരം വാര്‍ത്തയായതിന് പിന്നാലെ എറണാകുളത്തെ ബസ് കണ്ടക്ടർ വിദ്യാർഥികളെ തിരിച്ചറിഞ്ഞിരുന്നു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപം കുട്ടികളെ ഇറക്കി വിട്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും തിരച്ചിൽ തുടരുന്നതിനിടെയാണ് കുട്ടികളെ കണ്ടുകിട്ടിയത്

Advertisement