ഡോ.വന്ദനാദാസിന്റെ കൊലപാതകം, പ്രതി അധ്യാപകന്‍ ജി സന്ദീപിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

Advertisement

തിരുവനന്തപുരം. ഡോ.വന്ദനാദാസിന്റെ കൊലപാതക കേസിൽ പ്രതിയായ അധ്യാപകന്‍ ജി.സന്ദീപിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസ നിയമം അനുസരിച്ചാണ് നടപടി. സന്ദീപിന്റേത് ഹീനമായ പ്രവര്‍ത്തിയാണെന്നും സമൂഹത്തെ സാരമായി ബാധിക്കുന്നതാണെന്നും വിലയിരുത്തിയാണ് പിരിച്ചുവിടല്‍. ഭാവി നിയമനത്തിനും ഇയാള്‍ അയോഗ്യനാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

കുണ്ടറ വിദ്യാഭ്യാസ ഉപജില്ലയിലെ നെടുമ്പന യു.പി.എസിലെ അധ്യാപകനായ ജി.സന്ദീപിനെ അന്വേഷണം നടത്തിയാണ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി സന്ദീപിന് കുറ്റപത്രം നല്‍കിയിരുന്നു. തെറ്റ് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഇതിനു മറുപടി നല്‍കിയത്. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വകുപ്പ് തല അന്വേഷണം നടത്തി. സന്ദീപിന്റെ ഭാഗത്തു നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കാരണം കാണിക്കല്‍ നോട്ടീസിന് ഇയാള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍.

കെ.ഇ.ആര്‍. അനുസരിച്ചാണ് നടപടിയെടുത്തത്. ഇയാള്‍ക്ക് ഭാവി നിയമനത്തിനും അയോഗ്യത ഏര്‍പ്പെടുത്തി.

Advertisement