ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് അന്വേഷണസംഘം നിയമോപദേശം തേടി

Advertisement

കൊച്ചി.ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് അന്വേഷണസംഘം നിയമോപദേശം തേടി. ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡമ്മി ഉപയോഗിച്ചുള്ള പുനരാവിഷ്കരണം.

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകകേസിൽ കൃത്യം നേരിൽ കണ്ട സാക്ഷികൾ ആരുമില്ല. പരമാവധി സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും സമാഹരിച്ച് ഈ വെല്ലുവിളി മറികടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഡമ്മി ഉപയോഗിച്ച്‌ കൊലപാതകം പുനരാവിഷ്കരിക്കുന്നത് തെളിവ് ശേഖരണത്തിന് സഹായമാകുമെന്നാണ് പോലീസ് വിലയിരുത്തൽ. മാർക്കറ്റിൽ തിരക്കൊഴിഞ്ഞ സമയം നോക്കിയായിരിക്കും പ്രതിയെ ഇതിനായി എത്തിക്കുക.

അതേസമയം അസ്‌ഫാക്ക് ആലത്തിന്റെ പശ്ചാത്തലം അന്വേഷിച്ച് ഒരു സംഘം ഡൽഹി, ബീഹാർ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. പ്രതിയുടെ വിലാസം ഉറപ്പിക്കുന്നതിനാണ് ബീഹാറിലെ അന്വേഷണം. ഡൽഹിയിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത
പോക്സോ കേസിന്റെ സമഗ്ര വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും. കേസിൽ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കുമെന്ന് സൂചന നൽകി ആലുവ റൂറൽ പോലീസ് ആസ്ഥാനത്ത് കൗണ്ട് ബോർഡും പോലീസ് സ്ഥാപിച്ചിട്ടുണ്ട്.

Advertisement