താത്കാലിക അധ്യാപകരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ പുതിയ നടപടിക്ക് നീക്കം; ഓണത്തിന് മുമ്പ് ശമ്പളം ഉറപ്പാക്കും

Advertisement

തിരുവനന്തപുരം: താത്കാലിക അധ്യാപകർക്ക് ഓണത്തിന് മുമ്പ് വേതനം നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ താത്കാലിക അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ താത്കാലിക അധ്യാപകർക്ക് ഓണത്തിന് മുമ്പ് തന്നെ വേതനം വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ ഡി.ഡി.ഒ ആണ് താത്കാലിക അധ്യാപകർക്ക് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പാർക്കിൽ രജിസ്റ്റർ ചെയ്യുന്നത്. ഒരാളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ഏകദേശം 15 മിനുറ്റ് സമയം വേണം. നിലവിൽ സംസ്ഥാനത്ത് 11,200 താത്കാലിക അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. ഇവർ എല്ലാവരുടെയും വിവരങ്ങൾ സ്പാർക്കിൽ രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം ആവശ്യമായി വരും.

ഈ പശ്ചാത്തലത്തിൽ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാതലത്തിൽ ഡി.ഡി.ഇമാർക്ക് കൂടി ഈ ചുമതല നൽകുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ധനവകുപ്പുമായി ആശയ വിനിമയം നടന്നു വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.