ഉപഭോക്താക്കളുടെ വിവരങ്ങൾ ഒറ്റയടിക്ക് ചോർത്തിയെടുക്കാൻ സാധിക്കുന്ന നിരവധി തരത്തിലുള്ള വ്യാജ ആപ്പുകൾ നമുക്കുചുറ്റും
ഉണ്ട്. ഇത്തവണ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന വ്യാജ ആപ്പിനെതിരെയാണ് മുന്നറിയിപ്പുമായി അധികൃതർ എത്തിയിരിക്കുന്നത്. പ്രധാനമായും ദക്ഷിണേഷ്യയിലെ ആൻഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘സേഫ് ചാറ്റ്’ എന്ന ആപ്പാണ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ളവ ചോർത്തിയെടുക്കുന്നത്. നിലവിൽ, വിവിധ രാജ്യങ്ങളിലെ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സേഫ് ചാറ്റ് പേടിസ്വപ്നമായി മാറിയിട്ടുണ്ട്.
സൈബർ സുരക്ഷാ സ്ഥാപനമായ സൈഫേമയിലെ വിദഗ്ധരാണ് സേഫ് ചാറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. വാട്സ്ആപ്പ് മുഖാന്തരം തന്നെയാണ് സേഫ് ചാറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളും പ്രചരിക്കുന്നത്. സേഫ് ചാറ്റിന് ടെലഗ്രാം, സിഗ്നൽ, ഫേസ്ബുക്ക് മെസഞ്ചർ തുടങ്ങിയ ആപ്ലിക്കേഷനുകളിലെ വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കും. Coverlm എന്ന മാൽവെയറിന്റെ മറ്റൊരു പതിപ്പായാണ് സേഫ് ചാറ്റിനെ പരിഗണിക്കുന്നത്. കൂടുതൽ സുരക്ഷിതമായ മെസേജിംഗ് സംവിധാനം എന്ന മോഹന വാഗ്ദാനങ്ങൾ നൽകിയാണ് സേഫ് ചാറ്റ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
സേഫ് ചാറ്റ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ ഒരു സാധാരണ ചാറ്റിംഗ് ആപ്ലിക്കേഷനെ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. രജിസ്ട്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കിയാൽ, വ്യാജ ആപ്പാണെന്ന സംശയം ഉപഭോക്താക്കൾക്കും ഉണ്ടാവുകയില്ല. തുടർന്ന്, ആപ്പ് ഉപയോഗിക്കുന്നതിനായി വിവിധ പെർമിഷനുകൾ ചോദിക്കുന്നതാണ്. ആക്സിസിബിലിറ്റി സർവീസസ്, കോൺടാക്ട് ലിസ്റ്റ്, എസ്എംഎസ്, കോൺ ലോഗ്സ്, എക്സ്റ്റേണൽ ഡിവൈസ് സ്റ്റോറേജ്, ജിപിഎസ് ലൊക്കേഷൻ എന്നിവയാണ് സേഫ് ചാറ്റ് പ്രധാനമായും കരസ്ഥമാക്കുക. ഇതോടെ, സ്മാർട്ട്ഫോണിന്റെ പൂർണ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലാകുന്നതാണ്. നിലവിൽ, സേഫ് ചാറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ അവ എത്രയും പെട്ടെന്ന് തന്നെ അൺ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.