തിരുവനന്തപുരം. ഹയര്‍ സെക്കന്‍ഡറി വിഭാഗം പാഠ്യ പദ്ധതിയില്‍ റോഡ് സുരക്ഷാ അവബോധം സംബന്ധിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു നടപടികളായെന്നു മന്ത്രി ആന്റണി രാജു.
റോഡ് സുരക്ഷ സംബന്ധിച്ച അവബോധം സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നീക്കം.
പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങള്‍ തയ്യാറായി കഴിഞ്ഞു. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചതായും ഗതാഗത മന്ത്രി വ്യക്തമാക്കി.
പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ചരിത്ര സംഭവമായി മാറും. സിലബസില്‍ ഉള്‍പ്പെടുത്തുന്നതോടെ ചെരു പ്രായത്തില്‍ തന്നെ കുട്ടികള്‍ ട്രാഫിക് നിയമ ബോധവാന്‍മാരാകും. ഇതു അപകടങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കും. ലേണിങ് ടെസ്റ്റിനു വരുന്ന ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.
ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പുസ്തകങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകള്‍, റോഡ് അടയാളങ്ങള്‍ എന്നിവയെക്കുറിച്ചു പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഇതുവഴി മികച്ച ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ഡ്രൈവിങ് പഠിക്കുമ്‌ബോള്‍ ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഡ്രൈവര്‍മാര്‍ക്കുള്ളത്. പാഠ്യ പദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്തുന്നതോടെ കാതലായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്കൂളിൽ പഠിക്കുന്ന പാഠങ്ങൾ ദൈനംദിന ജീവിതത്തിൽ ഗുണപ്പെടുന്ന കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക എന്നുള്ളത് ഗുണകരമായ സമീപനം തന്നെയാണ്.