2023 ആഗസറ്റ് 06 ഞായർ
കേരളീയം
🙏താത്കാലിക അധ്യാപകര്‍ക്ക് ഓണത്തിനു മുമ്പ് വേതനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ താത്കാലിക അധ്യാപകര്‍ പ്രതിഷേധത്തിലാണ്. സംസ്ഥാനത്ത് 11,200 താത്കാലിക അധ്യാപകരുണ്ട്.
🙏ഭൂമി തരംമാറ്റം 25 സെന്റ് വരെ സൗജന്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. 25 സെന്റിനേക്കാല്‍ കൂടുതലുള്ള ഭൂമിക്കു മാത്രമേ ഫീസ് ഈടാക്കാവൂ. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോള്‍ മുഴുവന്‍ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശിയാണു ഹര്‍ജി നല്‍കിയത്.
🙏ഒരു വര്‍ഗീയവാദിയുടെയും വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയ വാദികള്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാന്‍ കാത്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അവര്‍ക്ക് ആയുധം കൊടുക്കരുത്. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികെട്ടരുത്.
🙏പ്രവാസി വ്യവസായിയില്‍നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ മരുമകന്‍ ഹാഫിസ് കുദ്രോളിയെയും കൂട്ടാളി അക്ഷയ് വൈദ്യനേയും എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളുടെ പാസ്പോര്‍ട്ടും സറണ്ടര്‍ ചെയ്യിപ്പിച്ചിട്ടുണ്ട്.
🙏സംസ്ഥാനത്തെ അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. തെരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളില്‍ ഒരേസമയമായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്.
🙏നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കോതമംഗലം സ്വദേശി എന്‍ കെ അഷ്റഫിന്റെ ഇടുക്കിയിലെ രണ്ടര കോടി രൂപയുടെ റിസോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടി. നാലു വില്ലകളും ഏഴേക്കറോളം ഭൂമിയും ഉള്‍പ്പെടുന്ന റിസോര്‍ട്ടാണിത്.
🙏ബൈക്ക് ട്രാന്‍സ്ഫോര്‍മറിലിടിച്ച് കാറ്ററിംഗ് ജീവനക്കാരായ യുവാക്കള്‍ മരിച്ചു. പരിയാരം അങ്ങാടിയിലാണ് അപകടമുണ്ടായത്. കുറ്റിക്കാട് തുമ്പരത്കുടിയില്‍ വീട്ടില്‍ മോഹന്റെ മകന്‍ രാഹുല്‍ (24), മുണ്ടന്‍മാണി വീട്ടില്‍ സോജന്റെ മകന്‍ സനല്‍ (21) എന്നിവരാണ് മരിച്ചത്.
🙏മലപ്പുറം വാഴക്കാട് ചാണകത്തൊഴുത്തില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു. നേപ്പാള്‍ സ്വദേശികളായ തൊഴിലാളി കുടുംബത്തിലെ അന്മോലാ ആണ് മരിച്ചത്.
🙏വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍എസ്എസിന്റെ തുടര്‍പ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനമാണെന്നും ഈ കാര്യത്തില്‍ എസ്എന്‍ഡിപി യോഗത്തിന് അഭിപ്രായം ഇല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
🙏സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവില്‍നിന്നും പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സീന്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പാലക്കാട് സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്. പാര്‍ട്ടി ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും സുരേഷ് രാജ് പറഞ്ഞു.
🙏ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യു പി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്.
🙏ഭാരതീയ ജനതാ മസ്ദൂര്‍ സംഘുമായി (ബിജെഎംഎസ്) ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെഎംഎസ് ബിജെപിയുടെ തൊഴിലാളി സംഘടനയാണെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും സുരേന്ദ്രന്‍ അറിയിച്ചു.
🙏കോഴിക്കോട് തളി ക്ഷേത്രക്കുളത്തിലെ കല്‍മണ്ഡപം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി ഒരു മാസത്തേക്കു തടഞ്ഞു. ക്ഷേത്ര പരിസരം ഉള്‍പ്പെട്ട പൈതൃക പദ്ധതിയുടെ മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
🙏എറണാകുളം അങ്കമാലി അതിരൂപതയില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നു വിശ്വാസികളോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കത്ത് ഇന്ന് പള്ളികളില്‍ വായിക്കാനാണു നിര്‍ദേശം.
🙏പ്രസവചികിത്സയില്‍ വീഴ്ചമൂലം കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്ന പരാതിയില്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. താമരശേരി സ്വദേശികളായ ലിന്റു – രമേഷ് രാജു ദമ്പതികളാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.
🙏യുവാവ് വഴിയില്‍ അപമാനിച്ചതില്‍ മനംനൊന്ത് കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ കേസില്‍ പ്രതിയായ കങ്ങരപ്പടി സ്വദേശി സിബി യ്ക്ക് എറണാകുളം പോക്സോ കോടതി 10 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും വിധിച്ചു. 2020 മാര്‍ച്ചിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
🙏പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തില്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു.
🙏പാലക്കാട് മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്നു രോഗി വീണ് മരിച്ചു. പൊല്‍പ്പുള്ളി സ്വദേശി മോഹനനാണ് മരിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് കുടിവെള്ള പൈപ്പുകള്‍ കടത്തിവിടുന്ന ഡക്ടിലേക്കാണു വീണത്. ഡക്ടിലേക്കു വീഴാതിരിക്കാന്‍ സുരക്ഷാവേലി ഒരുക്കിയിരുന്നില്ല.
🙏തിരുവനന്തപുരം പട്ടത്ത് കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബാലരാമപുരം സ്വദേശി അഭിലാഷിന്റെ മകള്‍ സാന്‍വി അഭിലാഷാണ് മരിച്ചത്.
🙏തമിഴ്നാട്ടിലെ തേനിക്കു സമീപം ഉത്തമപാളയത്ത് പൊലീസ് ഇന്നലെ പിടികൂടിയ ആന്തരിക അവയവങ്ങള്‍ ആടിന്റേതാണെന്ന് സ്ഥിരീകരിച്ചു. മൂന്നു പേരെ അറസ്റ്റു ചെയ്തു. കാറില്‍ മൂന്നു പാത്രങ്ങളിലായി ഹൃദയം, കരള്‍, നാവ് എന്നീ അവയവങ്ങളാണ് ഉണ്ടായിരുന്നത്.
🙏പത്തനംതിട്ടയിലെ ചെല്ലപ്പന്‍ എന്നയാളില്‍നിന്ന് രണ്ടര ലക്ഷം രൂപ കൊടുത്ത് ഇവ വാങ്ങിക്കൊണ്ടുവന്നാല്‍ അഞ്ചു ലക്ഷം രൂപ തരാമെന്നു ജയിംസ് എന്നയാള്‍ വാഗ്ദാനം ചെയ്തിരുന്നു. മനുഷ്യന്റെ ആന്തരികാവയവങ്ങളുമായി കാറില്‍ വരുന്നുണ്ടെന്ന വിവരം പോലീസില്‍ അറിയിച്ചു പിടിപ്പിച്ചതും
ജയിംസായിരുന്നു.
🙏സാമ്പത്തിക തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് എസ് നേതാവായ യൂസ്ഡ് കാര്‍ ഷോറൂം ഉടമ കൊച്ചിയില്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി കെ സി അമല്‍ ആണ് അറസ്റ്റിലായത്. കാറുകള്‍ വിറ്റിട്ടും പണം നല്‍കിയില്ലെന്ന പരാതിയിലാണ് അറസ്റ്റ്.
🙏വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് എറണാകുളം സ്വദേശിയില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത നാല് യു പി സ്വദേശികളെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ്ചെയ്തു.
🙏പാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ നാലര കോടി രൂപ തട്ടിയ സംഘത്തിലെ രണ്ടു പേര്‍ കൂടി പോലീസിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശി അരുണ്‍, കോടാലി സ്വദേശി അജയ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
🙏നായാട്ടുസംഘത്തെ ദേവീകുളത്തെ വനപാലകര്‍ പിടികൂടി. തോക്കും തിരകളും പിടിച്ചെടുത്തു. ഇരുട്ടു കാനം സ്വദേശി അജിത്ത്, അമ്പഴച്ചാല്‍ സ്വദേശി അമല്‍, തോക്കുപാറ സ്വദേശി സണ്ണി എന്നിവരെയാണു പിടികൂടിയത്.
🙏കോഴിക്കോട് നഗരത്തില്‍ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി ജിദാത്താണ് പിടിയിലായത്. ഡോ. ഫാബിത്ത് മൊയ്തീനെയാണു പ്രതി പി ടി ഉഷ റോഡില്‍ മര്‍ദിച്ചത്.
🙏ബസില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ആര്‍. അരുണ്‍ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മാട്ടൂല്‍ പയ്യന്നൂര്‍ റൂട്ടിലെ സ്വകാര്യ ബസില്‍ യുവാവ് മുന്‍സീറ്റിലിരുന്ന പെണ്‍കുട്ടികളെ സീറ്റിനടിയിലൂടെ കൈയ്യിട്ടു ശല്യപ്പെടുത്തിയത് മറ്റൊരു യുവതി മൊബൈലില്‍ ചിത്രീകരിച്ചശേഷം ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
ദേശീയം
🙏ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്കു പ്രവേശിച്ചു. ആദ്യ ഭ്രമണപഥ താഴ്ത്തല്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കും. അഞ്ച് ഭ്രമണപഥ താഴ്ത്തലുകള്‍ക്കൊടുവില്‍ ഈ മാസം 17 ന് ചന്ദ്രനില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കു പേടകത്തെ എത്തിക്കും. ഇതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡറെ വേര്‍പ്പെടുത്തും. ലാന്‍ഡറിനെ ചന്ദ്രനില്‍നിന്ന് മുപ്പതു മുതല്‍ നൂറു വരെ കിലോമീറ്റര്‍ അകന്ന ദൂരത്തെ ഭ്രമണപഥത്തിലേക്കു മാറ്റും. തുടര്‍ന്ന് 23 നു സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും.
🙏ബിജെപി എംപി രാം ശങ്കര്‍ കതേരിയയെ ആഗ്ര കോടതി രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതോടെ കതേരിയയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കും. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന കതേരിയ 2011 നവംബര്‍ 16 ന് മാളിലെ ടോറന്റ് പവര്‍ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തെന്നാണു കേസ്.
🙏രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്നതു വൈകിപ്പിക്കാന്‍ ആസൂത്രിത ശ്രമമെന്ന് കോണ്‍ഗ്രസ്. ലോക്സഭാ സ്പീക്കര്‍ ഒഴിഞ്ഞുമാറുകയാണെന്നും രേഖകളുമായി എത്തിയപ്പോള്‍ സെക്രട്ടറി ജനറലിനെ കാണാന്‍ ആവശ്യപ്പെട്ടെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരികുറ്റപ്പെടുത്തി. ഓഫീസ് അവധിയാണെന്നു പറഞ്ഞ് സെക്രട്ടറി ജനറലും ഒഴിഞ്ഞുമാറി.
🙏ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മൂന്നു മാസത്തേക്കു മരവിപ്പിച്ചു. ഒക്ടോബര്‍ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചത്
👆ഗുജറാത്തിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് സിന്‍ഹ് വഗേല സ്ഥാനം രാജിവച്ചു. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ അഴിമതി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗ്രൂപ്പു വഴക്കിന്റെ ഭാഗമായാണു രാജി.
🙏ഹരിയാനയിലെ നൂഹിലെ വര്‍ഗീയ സംഘര്‍ഷത്തിനു പിറകേ, ജില്ലാ ഭരണകൂടം ഒരു വിഭാഗം ആളുകളുടെ കെട്ടിടങ്ങളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. അനധികൃത കെട്ടിടങ്ങളാണെന്ന പേരിലാണ് പൊളിച്ചത്. 25 മെഡിക്കല്‍ സ്റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും നശിപ്പിച്ചു. അക്രമം നടന്ന നുഹില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തൗരുവില്‍ കുടിയേറ്റക്കാരുടെ കുടിലുകളും പൊളിച്ചു. അറസ്റ്റു ഭയന്ന് നിരവധി പേര്‍ പലായനം ചെയ്തു.
🙏പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹോദരിമാര്‍ ക്ഷേത്ര ദര്‍ശനത്തിനിടെ യാദൃശ്ചികമായി കണ്ടുമുട്ടി. ഉത്തരാഖണ്ഡിലെ കോത്താരി ഗ്രാമത്തിലെ പാര്‍വതി ക്ഷേത്രം സന്ദര്‍ശിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരി വാസന്തിബെന്‍ സാവനും യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയും തമ്മില്‍ കണ്ടുമുട്ടിയത്.
കായികം
🙏അമ്പെയ്ത്തിലെ ലോകചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ കൗമാരതാരം അദിതി സ്വാമി. ജര്‍മനിയിലെ ബെര്‍ലിനില്‍ വെച്ചുനടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ വെച്ചായിരുന്നു 17 വയസു മാത്രമുള്ള അദിതി സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് അദിതി.
🙏ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച് മലയാളിതാരമായ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ്. ഇന്ത്യയുടെ തന്നെ യുവതാരം പ്രിയാന്‍ഷു രജാവത്തിനെ സെമിയില്‍ കീഴടക്കിയാണ് പ്രണോയ് ഫൈനലിലെത്തിയത്. ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് പ്രണോയിയുടെ എതിരാളി.