കോട്ടയം.സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ മിത്ത് വിവാദത്തിൽ നിലപാട് ആവർത്തിച്ച് എൻഎസ്എസ്. സ്പീക്കർ മാപ്പ് പറയണം. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വിശ്വാസ സംരക്ഷണത്തിനുള്ള നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടുപോകുമെന്നും ജി സുകുമാരൻ നായർ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ശബരിമല മോഡല്‍ പരസ്യ പ്രതിഷേധത്തില്‍ നിന്നും എന്‍എസ്എസ് വിട്ടുനില്‍ക്കുകയാണ്.
അടിയന്തിര ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ച് ചേര്‍ത്തെങ്കിലും പ്രശ്നം വഷളാക്കാന്‍ എന്‍എസ്എസിന് താല്‍പര്യമില്ലെന്നാണ് വിലയിരുത്തല്‍. മിത്ത് വിവാദത്തിൽ നിലപാട് ആവർത്തിച്ച എൻഎസ്എസ് സ്പീക്കർ മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ചു നില്‍പ്പാണ്. പ്രശ്നം വഷളാക്കാതെ സർക്കാർ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടുപോകുമെന്നും പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയില്‍ വ്യക്തമാക്കി. വിവാദത്തില്‍ എൻഎസ്എസ് എടുത്തത് അന്തസ്സുള്ള തീരുമാനമാണെന്ന് കെ ബി ഗണേഷ് കുമാർ എംഎല്‍എ പ്രതികരിച്ചു.
അതേസമയം നാമജപ സമരമടക്കമുള്ള പരസ്യ പ്രതിഷേധങ്ങളില്‍ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ശബരിമല മോഡല്‍ പരസ്യ പ്രതിഷേധത്തിന് തല്‍ക്കാലം തയ്യാറല്ലെന്ന സൂചനയാണ് എന്‍എസ്എസ് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം നാമജപ യാത്രക്കെതിരെ പോലീസ് സ്വീകരിച്ച കടുത്ത നടപടിയും നേതൃത്വത്തെ പരസ്യ പ്രതിഷേധത്തില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.