കൊച്ചി.സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്ത പ്രതിയുടെ വീട്ടിൽ നിന്ന് പോലീസിന്റെ കൈവിലങ്ങും , ബീക്കൺ ലൈറ്റും പിടികൂടിയ സംഭവത്തിൽ പാലാരിവട്ടം സ്റ്റേഷനിലെ പോലീസുകാർക്കെതിരെ അന്വേഷണം ആരംഭിച്ചു. കേരള കോൺഗ്രസ് എസ് നേതാവ് അമലിന്റെ ഫ്ലാറ്റിൽ നിന്ന് കൈവിലങ്ങ് കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസുകാർക്കെതിരെ അന്വേഷണം.
കാർ വാങ്ങി മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ അമലിനെതിരായ പരാതികൾ പാലാരിവട്ടം സ്റ്റേഷനിൽ ചില പോലീസുകാർ ഒതുക്കിയതായും സാമ്പത്തിക ഇടപാടുകൾ നടന്നതായും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.ഇതോടെയാണ് പോലീസുകാർക്കെതിരെ അന്വേഷണം ആരംഭിച്ചത്
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുമായി പാലാരിവട്ടം സ്റ്റേഷനിലെ പോലീസുകാർക്കുള്ള ഇടപാടുകൾ കണ്ടെത്തുന്നതിന് വേണ്ടിയിട്ടാണ് പ്രത്യേക അന്വേഷണം ആരംഭിച്ചത്.കേരള കോൺഗ്രസ് എസ് നേതാവായ അമൽ പലരിൽ നിന്നും കാർ വാങ്ങി മറിച്ചു ശേഷം പണം നൽകാതെ തട്ടിപ്പ് തുടരുകയായിരുന്നു.ഇയാൾക്കെതിരായ പരാതികൾ പാലാരിവട്ടം സ്റ്റേഷനിൽ എത്തിയെങ്കിലും പല പരാതികളും നടപടിയില്ലാതെ ഒതുക്കപ്പെട്ടു.ഇതിന് പിന്നിൽ സ്റ്റേഷനിലെ ചില പോലീസുകാരാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.
മറിച്ച് വിറ്റ കാറുകളിൽ ചിലത് പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു.ഇതോടെയാണ് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചത്.പാലാരിവട്ടം സ്റ്റേഷനിലെ ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ അമൽ അറസ്റ്റിൽ ആയതിന് പിന്നാലെയാണ് ഇയാളുടെ എളമക്കരയിലെ ഫ്ലാറ്റിൽ നിന്ന് കൈവിലങ്ങും , ബീക്കൺ ലൈറ്റും കണ്ടെത്തിയത്.സ്ഥിരമായി ഇയാളുടെ ഫ്ലാറ്റിൽ എത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മറന്നുവെച്ചതാണ് കൈവിലങ്ങ് എന്നും സൂചനയുണ്ട്. നിലവിൽ അമലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിഫിക്കേഷന്റെ അന്വേഷണം പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റി മെട്രോ സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുമായി പോലീസ് ഉദ്യോഗസ്ഥർക്കുള്ള അവിശുദ്ധബന്ധം പോലീസിന് തന്നെ നാണക്കേടും ആയിട്ടുണ്ട്.