പാലക്കാട് സിപിഐയില്‍ വീണ്ടും കൂട്ടരാജി

Advertisement

പാലക്കാട് .വിഭാഗീയതയില്‍ പുകയുന്ന പാലക്കാട് സിപിഐയില്‍ വീണ്ടും കൂട്ടരാജി.21ഓളം ബ്രാഞ്ച് സെക്രട്ടറിമാര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി രാജി സമര്‍പ്പിച്ചു.മണ്ണാര്‍ക്കാട്,നെന്മാറ മണ്ഡലങ്ങളില്‍ നിന്നാണ് കൂട്ടരാജി


മണ്ഡലം കമ്മറ്റികളില്‍ തുടങ്ങിയ രാജി പ്രതിഷേധം ബ്രാഞ്ച് തലത്തിലേക്കും മാറുകയാണ്.ജില്ലയിലെ പാര്‍ട്ടിയുടെ ഏകഎംഎല്‍എയായ മുഹമ്മദ് മുഹ്‌സിനെ ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്ന് ജില്ലാ കൗസിലിലേക്ക് തരംതാഴ്ത്തിയതിന് പിന്നാലെ മുഹ്‌സിന്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് മണ്ഡലം,ബ്രാഞ്ച് തലങ്ങളിലേയും കൂട്ടരാജി.മണ്ണാര്‍ക്കാട് മണ്ഡലത്തിന് കീഴിലെ 9 ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നായി 7 പേരും രാജിവെച്ചു.കൂടാതെ രണ്ട് ബാങ്ക് ഡയറക്ടര്‍മാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവെച്ചു.

നെന്മാറയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും 9 ബ്രാഞ്ച് സെക്രട്ടറിമാരും എലവഞ്ചേരിയിലെ 3 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചു.നെന്മാറ മണ്ഡലം സെക്രട്ടറിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ഒരാഴ്ചയായി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നിരവധിപേരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. പട്ടാമ്പിയിലും മണ്ണാര്‍കാടും പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ നിരവധിപേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജി വെച്ചിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല. പ്രവര്‍ത്തകരുടെ രാജിയില്‍ സംസ്ഥാന നേതൃത്വം ഇടപെടല്‍ നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നാണ് തുടര്‍ച്ചയാകുന്ന രാജികള്‍ വ്യക്തമാക്കുന്നത്

Advertisement