തിരുവനന്തപുരം : തനിക്കെതിരെ പാർട്ടിക്കുളളില്‍ നിന്ന് വധശ്രമമുണ്ടായി എന്ന് കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ്. തന്‍റെ ഡ്രൈവറെ ഉപയോഗിച്ച് വകവരുത്താനായിരുന്നു നീക്കമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ തോമസ് കെ തോമസ് ചൂണ്ടിക്കാട്ടി. രണ്ടര വർഷം പൂർത്തിയാകുമ്പോള്‍ കെ ശശീന്ദ്രനെ മാറ്റി തനിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പാർട്ടിയില്‍ ധാരണയുണ്ടായിരുന്നുവെന്നും തോമസ് കെ തോമസ് പറഞ്ഞു
എന്‍ സി പിയിലെ ആഭ്യന്തര തർക്കങ്ങള്‍ക്ക് പിന്നാലെയാണ് അതിഗുരുതര ആരോപണങ്ങളുമായി പാർട്ടി എം എല്‍ എ തോമസ് കെ തോമസ് രംഗത്തെത്തിയിരിക്കുന്നത്. വർഷങ്ങളായി തന്‍റെ ഡ്രൈവറായിരുന്ന തോമസ് കുരുവിളക്ക് പണം നല്‍കി സ്വാധീനിച്ച് യാത്രക്കിടെ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി തോമസ് കെ തോമസ്. തന്‍റെ ഡ്രൈവർ തന്നെ ഇക്കാര്യം മറ്റു സ്റ്റാഫുകളോട് തുറന്നു പറഞ്ഞിട്ടുളളതായും എം എല്‍ എ
സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോള്‍ തനിക്ക് മന്ത്രിസ്ഥാനത്തിന് യോഗ്യതയുണ്ടെന്നും തോമസ് കെ തോമസ് വ്യക്തമാക്കി
ഇതിന് തടയിടലാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യം. തന്നെ അപായപ്പെടുത്തി കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് കളമൊരുക്കാനായിരുന്നു നീക്കം. എന്‍.സി.പി ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്ന റജി ചെറിയാനാണ് നീക്കങ്ങള്‍ക്ക് പിന്നില്‍. സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയുടെ പിന്തുണയോടെയാണ് ഇത്തരം നീക്കങ്ങളെന്നും തോമസ് കെ തോമസ് ആരോപിച്ചു.