കോട്ടയത്ത് ഇന്ന് നിർണായക യോഗം, ഉമ്മൻചാണ്ടിക്ക് പകരമാര്? ‘പുതുപ്പള്ളി’ ഒരുക്കത്തിലേക്ക് കടന്ന് കോൺഗ്രസ്

Advertisement

കോട്ടയം: ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരാകും പുതുപ്പള്ളിയിലെ കോൺഗ്രസിൻറെ സ്ഥാനാർത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തുന്നതെന്ന സൂചനകൾ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. ഇക്കാര്യത്തിലും പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻറെയും ഭാഗമായി കോട്ടയം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കളുടെ യോഗം ഇന്നു ചേരാൻ തീരുമാനിച്ചിരിക്കുകയാണ്.

യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പങ്കെടുക്കും. തിരഞ്ഞെടുപ്പിൻറെ പ്രധാന ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫിനും നൽകിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ടുന്ന സംഘടനാപരമായ തയാറെടുപ്പുകളെ കുറിച്ചാകും ഇന്നത്തെ യോഗം പ്രധാനമായും ചർച്ച ചെയ്യുക.

അതേസമയം സഹതാപ തരംഗത്തിനിടയിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സി പി എം. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എൽ ഡി എഫിൽ നിന്ന് പുറത്തുവരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പാർട്ടി സംഘടനാ സംവിധാനത്തെ സജ്ജമാക്കുകയാണ് സി പി എം. ഇതിൻറെ ഭാഗമായി പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകിക്കഴിഞ്ഞു. ജെയ്ക് സി തോമസ് തന്നെ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകളോടെയാണ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നത്.

അധികം വൈകാതെ തെരഞ്ഞെടുപ്പ് നടക്കുമെന്ന വിലയിരുത്തലിലാണ് സി പി എമ്മുള്ളത്. താഴെ തട്ടുമുതൽ പാർട്ടി സംവിധാനത്തെ സജ്ജമാക്കിയാണ് ഒരുക്കങ്ങൾ. എട്ട് പഞ്ചായത്തുകളിൽ ആറിലും ഭരണം ഇടതുമുന്നണിക്കാണ്. സഹതാപ തരംഗത്തിനിടക്കും രാഷ്ട്രീയമായി അത്ര മോശമല്ല പുതുപ്പള്ളിയെന്ന പൊതു വികാരത്തിൽ ഊന്നിയാണ് സി പി എമ്മിൻറെ പ്രവർത്തനം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല തുടക്കത്തിലേ വീതിച്ച് നൽകിയിരിക്കുന്നത്.

Advertisement