വാർത്താ നോട്ടം

Advertisement

2023 ആഗസ്റ്റ് 08 ചൊവ്വ

BREAKING NEWS

👉വിലക്കയറ്റം:സർക്കാർ വിപണിയിൽ ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കും.

👉 കേരളത്തിൻ്റെ വിവിധ പദ്ധതികളോട് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി .നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

👉 മണിപ്പൂർ കലാപം: കുക്കികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചർച്ച നടത്തും

👉മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ച ലോക്സഭയിൽ ഇന്ന് തുടങ്ങും

👉 പ്രമേയത്തിൻമേൽ 12 മണിക്കൂർ ചർച്ച. ബിജെപിക്ക് 6 മണിക്കൂർ 41 മിനിറ്റ് ,കോൺഗ്രസിന് ഒന്നേകാൽ മണിക്കൂറും സമയം ലഭിക്കും.

👉 വിമാന ടിക്കറ്റ് നിരക്ക് വർദ്ധന;ദില്ലി മലയാളികൾ ഓണത്തിന് നാട്ടിലെത്താൻ പെടാപ്പാട് പെടുന്നു.

👉 യുവമോർച്ചയുടെ സെക്രട്ടറിയറ്റ് മാർച്ച് ഇന്ന്

👉പരുമല വധശ്രമം: വനിതാ കമ്മീഷൻ സ്വയമേധ കേസ്സെടുത്തു.

👉പാലക്കാട് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ 16,500 രൂപാ കണ്ടെടുത്തു

കേരളീയം

🙏ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ നിയമസഭയില്‍ ഇന്നു പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും.

🙏1960 ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. നടപ്പു നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കൃഷിക്കും വീടു വയ്ക്കാനും അനുവദിച്ച ഭൂമിയില്‍ മറ്റു വിനിയോഗം ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമാണ് പാസാക്കുന്നത്.

🙏ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിയോജനകുറിപ്പ് തള്ളിക്കൊണ്ടാണ് ഉന്നത സമിതി തീരുമാനം.

🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കു പണം അനുവദിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും ലോകായുക്ത. ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

🙏വിശ്വാസ സംബന്ധമായ വിഷയങ്ങളെക്കുറിച്ചു ജാഗ്രതയോടെ സംസാരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മിത്ത് വിവാദം പരാമര്‍ശിക്കാതെ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ധാരാളം വിശ്വാസികള്‍ എല്‍ഡിഎഫിനൊപ്പമുണ്ട്. പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

🙏എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്‍വകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ക്കു തുടക്കമായി. ആദ്യദിനമായ ഇന്നലെ 5,706 തൊഴിലാളികളാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ലേബര്‍ കമ്മിഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

🙏ഗള്‍ഫിലേക്കുള്ള വിമാനക്കൂലി കൊള്ളയാണെന്നു പാര്‍ലമെന്റില്‍ ഉന്നയിച്ച് ബെന്നി ബഹനാന്‍ എംപി. അവധി കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്കു മടങ്ങുന്നവരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ നടപടി വേണമെന്നും ബെന്നി ബഹനാന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.

🙏അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതലപ്പൊഴിയില്‍ കോണ്‍ഗ്രസിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശന്‍.

🙏മിത്ത് വിവാദങ്ങള്‍ക്കിടെ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി. കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്രത്തിലാണ് 64 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികള്‍. അടുത്ത മാസം പണി തുടങ്ങുമെന്ന് ക്ഷേത്രത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സ്പീക്കര്‍ അറിയിച്ചു.

🙏കണ്‍സഷന്‍ നല്‍കുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റു യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം. വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാന്‍ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

🙏എലിഫന്റ് വിസ്‌പെറെഴ്‌സ് ഡോക്യുമെന്ററിയില്‍ അഭിനയിച്ച ബൊമ്മനും ബെല്ലിയും പ്രതിഫലമായി രണ്ടു കോടി രൂപ ആവശ്യപ്പെട്ട് നിര്‍മ്മാതക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. വീടും കാറും പണവും നല്‍കാമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്നാണു പരാതി. സിഖ്യ എന്റര്‍ടെയിന്‍മെന്റ്സ് ആണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കള്‍.

🙏ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിലായിരുന്നു.

🙏കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ചു നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍.സി.സിയില്‍ ഹൈടെക് ഉപകരണങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

🙏കൊല്ലം കളക്ട്രേറ്റ് സ്ഫോടനക്കേസിലെ പ്രതികള്‍ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. വിചാരണയ്ക്കായി പ്രതികളെ കൊല്ലത്തെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അക്രമം. 2016 ജൂണ്‍ 15 ന് കൊല്ലം കലക്ട്രേറ്റില്‍ സ്ഫോടനം നടത്തിയ കേസിലെ പ്രതികളെ ആന്ധ്രാപ്രദേശിലെ കടപ്പ ജയില്‍നിന്നാണ് കൊല്ലത്ത് എത്തിച്ചത്.

🙏 അടൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിയോടുു മോശമായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ സ്വദേശി എ.എസ്. സതീശ് (39) ആണ് പിടിയിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ സതീശ്. മറ്റൊരു സംഭവത്തില്‍ കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഓ പിറവന്തൂര്‍ ചെമ്പനരുവി നെടുമുരുപ്പേല്‍ ഷെമീര്‍ (39) അറസ്റ്റിലായി.

🙏മകളെ ശല്യം ചെയ്തതു വിലക്കിയ പിതാവിനെ കൊല്ലാന്‍ മുറിയിലേക്കു വിഷപാമ്പിനെ കടത്തിവിട്ട യുവാവ് പിടിയില്‍. തിരുവനന്തപുരം കാട്ടക്കടയില്‍ അമ്പലത്തിന്‍കാല രാജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കിച്ചു എന്ന ഗുണ്ട് റാവു ആണ് പിടിയിലായത്.

🙏കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതി രക്ഷപ്പെട്ടു. ബിജെപി പ്രവര്‍ത്തകനായ അനിലാണ് രക്ഷപ്പെട്ടത്. പൊലീസ് ഒത്തുകളിച്ചെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ മുഴക്കുന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു.

🙏അതിര്‍ത്തി തര്‍ക്കത്തിനിടെ തിരുവല്ല നിരണം സ്വദേശിയായ ആറ്റുപറയില്‍ വിജയന്റെ ഭാര്യ രാധയെ തലക്കടിച്ചു കൊന്ന കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. നിരണം സ്വദേശികളായ ചന്ദ്രന്‍, രാജന്‍ എന്നിവരാണ് പിടിയിലായത്.

🙏കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം കടത്തിയ ദമ്പതികള്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോന്‍, സഫ്ന എന്നിവരാണ് പിടിയിലായത്.

🙏കൊല്ലം പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവ് പിടിയില്‍. ഇടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. ഒന്നര വര്‍ഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു സന്തോഷ്.

🙏തമിഴ്‌നാട്ടില്‍നിന്നു വില്‍പ്പനയ്ക്കായി തൂക്കുപാലത്ത് എത്തിച്ച 3200 പായ്ക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. നാല് ചാക്കുകളിലാക്കി ഓട്ടോറിക്ഷയില്‍ പോകവേ വടക്കേപുതുപറമ്പില്‍ ഫൈലിനെ (40)യാണു പിടികൂടിയത്.

🙏കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു. പുല്‍പ്പള്ളി കുറിച്ചിപറ്റ ചരുവിള പുത്തന്‍വീട്ടില്‍ സുന്ദരേശന്‍ (58) ആണ് മരിച്ചത്. ഭാര്യ അമ്മിണി (54), സഹോദരന്‍ സുനീഷ്, സുന്ദരേശന്റെ മൂത്ത മകന്‍ സുബിന്റെ മകള്‍ ഗായത്രി (ആറ്)എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

🙏പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍. വെഞ്ചേമ്പ് മാവേലി സ്റ്റോറിനു സമീപം താമസിക്കുന്ന ഷാജഹാന്‍ (50) ആണ് മരിച്ചത്.

🙏ഹരിപ്പാട് വെട്ടുവേനിയില്‍ പ്രഭാത സവാരിക്കിടെ വീട്ടമ്മ ഓടയില്‍ വീണു മരിച്ചു. വെട്ടുവേനി സജീവ് ഭവനത്തില്‍ തങ്കമണി (63) ആണ് മരിച്ചത്.

🙏കാസര്‍കോട് ജില്ലിയലെ കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റൗഫാണ് മരിച്ചത്.

ദേശീയം

🙏മണിപ്പൂര്‍ കലാപക്കേസുകളുടെ അന്വേഷണ മേല്‍നോട്ടത്തിന് മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. സിബിഐ, പോലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കു പുറമേ, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പെടുത്തിയുള്ള അന്വേഷണവും ഏര്‍പ്പെടുത്തി.

🙏 മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് ജുഡീഷ്യല്‍ മേല്‍നോട്ടം നിര്‍വഹിക്കുക. അന്വേഷണ മേല്‍നോട്ട ചുമതല മഹാരാഷ്ട്ര മുന്‍ ഡിജിപി ദത്താത്രേയ് പട്സാല്‍ഗിക്കര്‍ക്കാണ്.

🙏മണിപ്പൂരിലെ കലാപക്കേസുകള്‍ അന്വേഷിക്കുന്നതിനൊപ്പം ഇരകളുടെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സുപ്രീം കോടതി നിയോഗിച്ച സമിതി കൈകാര്യം ചെയ്യും. സിബിഐ അന്വേഷിക്കാത്ത 42 കേസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഓഫീസര്‍മാരുടെ സംഘം അന്വേഷിക്കണം.

🙏 മണിപ്പൂരിന് പുറത്തുള്ള ഡിഐജി റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥര്‍ക്കാണു മേല്‍നോട്ട ചുമതല. ഇതര സംസ്ഥാനങ്ങളിലെ ഡിവൈഎസ്പി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരെകൂടി കോടതി നിയോഗിച്ചു. നിയമവാഴ്ചയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

🙏കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത (ഡിഎ) മൂന്നു ശതമാനം വര്‍ദ്ധിപ്പിച്ച് 45 ശതമാനമാക്കി ഉയര്‍ത്തും. ക്ഷാമബത്തയിലെ ഏറ്റവും പുതിയ വര്‍ദ്ധന ജൂലൈ ഒന്നിനു പ്രാബല്യത്തിലാകുന്ന രീതിയിലാണ് ഡിഎ വര്‍ദ്ധന നടപ്പാക്കുക.

🙏ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നു. അബ്കാരി നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം.

🙏രാജ്യത്തെ ബാങ്കുകളില്‍ 87,295 കോടി രൂപയുടെ കിട്ടാക്കടം ഉണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി രാജ്യസഭയില്‍. ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, എറ ഇന്‍ഫ്രാ എഞ്ചിനീയറിംഗ് ലിമിറ്റഡ്, ആര്‍ഇഐ അഗ്രോ ലിമിറ്റഡ്, എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 50 മുന്‍നിരവായ്പാക്കാര്‍ മനഃപൂര്‍വ്വം കുടിശ്ശിക വരുത്തി. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കാണിതെന്ന് സഹമന്ത്രി ഭഗവത് കരാദ് അറിയിച്ചു.

🙏ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസാക്കി. പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങള്‍ക്ക് സ്ലിപ് നല്‍കിയാണു വോട്ടെടുപ്പ് നടത്തിയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നേരിട്ടത്.

🙏ഗുജറാത്തില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസിനൊപ്പം തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ച നടത്തുമെന്നും പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ഇസുദാന്‍ ഗഡ്വി വ്യക്തമാക്കി.

🙏രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ചൈനയില്‍നിന്നു പണം വാങ്ങി രാജ്യദ്രോഹകുറ്റം ചെയ്തെന്ന് ആരോപിച്ച ബിജെപി എംപിക്കെതിരേ ഹൈബി ഈഡന്‍ എം പി പാര്‍ലമെന്റില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. ഡോ. നിഷികാന്ത് ദുബെക്കെതിരേയാണ് നോട്ടീസ്.

🙏ബിഹാറിലെ ജാതി സര്‍വേ തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജാതി സര്‍വേയ്ക്ക് അനുമതി നല്‍കിയ പാറ്റ്ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ 14 നു സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് അടിയന്തരമായി തടയണമെന്ന ആവശ്യം കോടതി തള്ളിയത്.

🙏ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അസത്യം പ്രചരിപ്പിക്കുന്നതില്‍ വിദേശ ശക്തികളുടെ ഇടപെടലുകളുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിറകേയാണ് പ്രതികരണം.

🙏ക്രിസ്ത്യാനികളും മുസ്ലിംകളും പാക്കിസ്ഥാനിലേക്കു പോകണമെന്നു വാട്സ്ആപ് ഗ്രൂപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ തമിഴ്നാട്ടിലെ പൊലീസുകാരനെ സസ്പെന്‍ഡു ചെയ്തു. ചെന്നൈയിലെ ഇന്‍സ്‌പെക്ടര്‍ പി രാജേന്ദ്രനെതിരെയാണ് നടപടി.

🙏മുംബൈയിലെ ബാന്ദ്രയില്‍ പൊലീസിന്റെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ 40 കാരനായ ബാബു ഹുസൈന്‍ ശൈഖ് ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തി. നിരോധിത മൊബൈല്‍ ആപ്ലിക്കേഷനായ ‘ഐഎംഒ – ഇന്‍ മൈ ഓപ്പീനിയന്‍’ ഉപയോഗിക്കവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

🙏ആന്ധ്രപ്രദേശില്‍ അമ്മയുടെ കാമുകന്‍ പാലത്തില്‍നിന്ന് തള്ളിയിട്ട് കൊല്ലുന്നതിനിടെ പൈപ്പില്‍ തൂങ്ങിക്കിടന്ന പത്ത് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പൈപ്പില്‍ തൂങ്ങിക്കിടന്ന് പോക്കറ്റിലെ ഫോണെടുത്ത് നൂറില്‍ വിളിച്ച പെണ്‍കുട്ടിയെ പോലീസ് രക്ഷിക്കുകയായിരുന്നു. പുഴയില്‍ വീണ അമ്മയേയും ഒന്നരവയസുള്ള കുഞ്ഞിനേയും കണ്ടെത്താനായില്ല. ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്കു മുകളിലെ പാലത്തില്‍നിന്ന് ഇവരെ തള്ളിയിട്ട ഉലവ സുരേഷിനെ പോലീസ് അറസ്റ്റു ചെയ്തു.

🙏പശ്ചിമ ബംഗാളില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കൈക്കുഞ്ഞിനെ പുറത്തേക്ക് എറിയുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത രണ്ടു പേരെ അറസ്റ്റു ചെയ്തു. ഗോഹട്ടിയില്‍ നിന്ന് വടക്കന്‍ ബംഗാളിലെ അലിപുര്‍ദുവാറിലേക്കുള്ള യാത്രക്കിടെയാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്.

കായികം

🙏ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ഇന്ത്യ ലീഗ് പട്ടികയില്‍ ഒന്നാമതെത്തി. ദക്ഷിണ കൊറിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പിച്ചത്.

🙏ഇതിഹാസതാരം ഇന്‍സമാം ഉള്‍ ഹഖ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍. 53 കാരനായ ഇന്‍സമാം 2016 മുതല്‍ 2019 വരെ പാകിസ്താന്‍ ക്രിക്കറ്റിന്റെ ചീഫ് സെലക്ടറായിരുന്നു.

Advertisement