മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. വിപണിയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. സപ്ലൈകോ 13 അവശ്യസാധനങ്ങള്‍ വിപണിവിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. മാതൃകാപരമായ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളത്. ഇക്കാര്യത്തില്‍ സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചയുടെ ആവശ്യമില്ലെന്നും മന്ത്രി നിയമസഭയില്‍ നിലപാടെടുത്തു.
സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കാത്ത സാധനങ്ങള്‍ക്കാണ് വില കൂടുതലുള്ളത്. അത് രാജ്യത്താകെയുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനമാണ്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള വിപണി ഇടപെടലിനായി കഴിഞ്ഞ ഏഴുവര്‍ഷം സര്‍ക്കാര്‍ 12,000 കോടി രൂപ ചിലവാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഈ മാസം 18 ന് ഓണച്ചന്തകള്‍ ആരംഭിക്കുമെന്നും കര്‍ഷകര്‍ക്കുള്ള പണം ഇന്ന് മുതല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് ഫലപ്രദമായ ഇടപെടല്‍ വിപണിയില്‍ ഉണ്ടാകും. നാല്‍പതോളം ഉല്‍പ്പന്നങ്ങള്‍ ഓണച്ചന്തകള്‍ വഴി വിലകുറച്ച് കൊടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.