തിരുവനന്തപുരം: ജൂഡോ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇങ്ങ് തലസ്ഥാനത്ത് നിന്ന് ഒരു മലയാളി വീട്ടമ്മ. കേരളത്തിലെ ആദ്യത്തെ ദേശീയ വനിതാ ജൂഡോ റഫറിയെന്ന റെക്കോര്‍ഡാണ് തിരുമല സ്വദേശി ജയശ്രീ സ്വന്തമാക്കിയത്.
എതിരാളിയെ വലിപ്പച്ചെറുപ്പമില്ലാതെ മലര്‍ത്തിയടിക്കാന്‍ കുട്ടിപ്പട്ടാളം റെഡിയാണ്. ഉക്കേമിയും കട്ടാമിയുമൊക്കെ പരിശീലിപ്പിച്ചെടുക്കുന്ന തിരക്കിലാണിവര്‍. തന്ത്രങ്ങളോരോന്നായി പറഞ്ഞു കൊടുക്കാന്‍ ജയശ്രീ ടീച്ചറുമുണ്ട് കൂടെ. പതിനൊന്നാം വയസില്‍ തുടങ്ങിയതാണ് ജയശ്രീയ്ക്ക് ജൂഡോയോടുള്ള പ്രിയം. പലരും പറ്റില്ലെന്നു പറഞ്ഞപ്പോഴും പിന്നോട്ടില്ലെന്നുറപ്പിച്ചു. ഒടുവില്‍ ആശിച്ച നേട്ടമിതാ കൈപ്പിടിക്കുള്ളില്‍. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന ദേശീയ ജൂഡോ ചാംപ്യന്‍ഷിപ്പില്‍ റഫറിയായിരുന്നു ജയശ്രീ. വൃന്ദാവന്‍ ജൂഡോ അക്കാഡമിയില്‍ ഭാവി ജൂഡോ താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന തിരക്കിലാണിപ്പോള്‍ ജയശ്രീ.
”കേരളത്തിന്റെ ജൂഡോ ചരിത്രത്തില്‍ ഇതുവരെ വനിതാ റഫറിയുണ്ടായിരുന്നില്ല. ആ കുറവ് പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സെക്കന്റ് ബ്ലാക്ക് ബെല്‍റ്റ് എടുത്ത ശേഷം കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ റഫറിയായി”.-ജയശ്രീ പറഞ്ഞു.