കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസില്‍ രണ്ട് സാക്ഷികളെ കൂടി വിസ്തരിച്ചു. സ്‌ഫോടന സമയത്ത് മുന്‍സിഫ് കോടതി പരിസരത്ത് ഉണ്ടായിരുന്ന അഡ്വ: ഷൈജു, അഡ്വക്കേറ്റ് ക്ലര്‍ക്ക് സുനില്‍കുമാര്‍ എന്നിവരെയാണ് വിസ്തരിച്ചത്. സ്‌ഫോടന ശബ്ദം കേട്ടു എന്നും പ്രദേശത്താകെ പുക പടര്‍ന്നു എന്നും ഇരുവരും മൊഴി നല്‍കി. സ്‌ഫോടനത്തില്‍ പരിക്കേറ്റ പേരയം ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു എന്നും ഇവര്‍ മൊഴി നല്‍കി.
ഇന്ന് നാല് സാക്ഷികളെ വിസ്തരിക്കും. കോടതി ജീവനക്കാര്‍, സമീപത്തെ കടക്കാരന്‍, ലേബര്‍ ഓഫീസ് ജീവനക്കാര്‍ എന്നിവരെയാണ് വിസ്തരിക്കുക. 2016 ജൂണ്‍ 15-നായിരുന്നു കളക്ടറേറ്റില്‍ മുന്‍സിഫ് കോടതിക്കും സബ്ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിന് സമീപം ബോബ് സ്ഥാപിച്ചു സ്‌ഫോടനം നടത്തിയത്. തീവ്രവാദ സംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ മധുര സ്വദേശികളായ അബ്ബാസ് അലി (32), കരിംരാജ(27), ദാവൂദ് സുലൈമാന്‍(27), ഷംസൂദ്ദീന്‍ (28) എന്നിവരാണ് പ്രതികള്‍.
കരിം രാജയാണ് കോടതിക്ക് സമീപം ബോംബ് സ്ഥാപിച്ചത്. തിങ്കളാഴ്ച്ചയാണ് വിചാരണ ആരംഭിച്ചത്. വിചാരണയ്ക്ക് എത്തിച്ച പ്രതികള്‍ കഴിഞ്ഞ ദിവസം അക്രമാസക്തരാവുകയും കോടതിയിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ പ്രതികളെ ഇന്നലെ മുതല്‍ ഓണ്‍ലൈന്‍ മുഖേനയാണ് വിചാരണ ചെയ്യുന്നത്.