1989 ഓഗസ്റ്റ് 4. പുതുമുഖങ്ങളായ ഇരട്ട സംവിധായകരുടെ ആദ്യ ചിത്രം തിയെറ്ററുകളിലെത്തിയ ദിവസം. നായകനും പുതുമുഖം. അത്ര പരിചിതമല്ലാത്തൊരു ടൈറ്റിലും: “റാംജി റാവു സ്പീക്കിങ്’.
രണ്ടാഴ്ച്ച തിയെറ്ററിൽ പ്രദർശിപ്പിച്ച ശേഷം ഓണത്തിനു വലിയ ചിത്രങ്ങൾ എത്തുമ്പോൾ മാറ്റാം എന്ന ധാരണയിലാണു തിയെറ്ററുകൾ ലഭിച്ചതു തന്നെ. ആദ്യ ദിവസം തിയെറ്ററിൽ ആളുകൾ കുറവായിരുന്നു. രണ്ടാം ദിവസം കുറച്ചുകൂടി ആളുകൾ വന്നു. മൂന്നാം ദിവസം തിയെറ്ററുകൾ നിറഞ്ഞു തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ പറഞ്ഞറിഞ്ഞു സിനിമ കാണാൻ കേരളത്തിലങ്ങോളമിങ്ങോളമുള്ള തിയെറ്ററുകളിൽ ജനങ്ങളുടെ മഹാപ്രവാഹം. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമെന്ന വിശേഷണത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നു. അതോടൊപ്പം തന്നെ സിദ്ദിഖ്-ലാൽ എന്ന സംവിധായകരുടെ പേരും രേഖപ്പെടുത്തപ്പെട്ടു.
പിന്നീട് വഴിപിരിഞ്ഞപ്പോഴും, ലാലിനൊപ്പവും സിദ്ദിഖിനൊപ്പവും വിജയം ചേർന്നു നിന്നു. മലയാളത്തിന്റെ വെള്ളിത്തിരയും കടന്നു ബോളിവുഡിലും തമിഴിലും സിദ്ദിഖ് സാന്നിധ്യമറിയിച്ചു. അപ്പോഴും വിജയമുറപ്പിക്കുന്ന സംവിധായകനെന്ന വിശേഷണം ഏച്ചുകെട്ടലുകളൊന്നുമില്ലാതെ സിദ്ദിഖിനൊപ്പം ചേർന്നു നിന്നു. വലിയ വിജയങ്ങൾ തേടിയെത്തുമ്പോഴും സിനിമയിലെ ഈ ജെന്റിൽമാൻ ചെറുചിരിയിലൊതുക്കി എല്ലാ ആഘോഷങ്ങളും. അവകാശവാദങ്ങളില്ലാതെ അടുത്ത സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലേക്കു നിശബ്ദം നീങ്ങിക്കൊണ്ടേയിരുന്നു.
ആൾക്കൂട്ടത്തെ കൂടെക്കൂട്ടാനുള്ള സിദ്ധി അരങ്ങിൽ നിന്നാവണം സിദ്ദിഖ് ആർജിച്ചെടുത്തത്. അതുവരെ അപരിചിതമായിരുന്ന മിമിക്സ് പരേഡ് എന്ന അവതരണത്തെ മലയാളിയുടെ മനസിലുറപ്പിച്ച സംഘാംഗങ്ങളിലൊരാൾ. പുല്ലേപ്പടിയുടെ നാൽക്കവലകളിലും റെയ്ൽവേ പാളങ്ങൾക്കരികിലും സിനിമയെന്ന സ്വപ്നത്തിന്റെ ചൂളംവിളി കേൾക്കാൻ കൊതിച്ച ചെറുപ്പക്കാരനിൽ നിന്നു വാണിജ്യസിനിമയുടെ വിജയമുറപ്പിക്കുന്ന സംവിധായകനിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല, എളുപ്പവുമായിരുന്നില്ല.
അനുകരണങ്ങളും ഹാസ്യാവതരണങ്ങളും അടിത്തറ പാകിയ മിമിക്രിയുടെ ലോകത്ത് നിന്ന് അഭ്രപാളിയിലെത്തിയപ്പോഴും അകമ്പടിയായി ചിരിയുണ്ടായിരുന്നു. വെള്ളിത്തിരയിൽ ചിരിയുടെ വസന്തം വിരിയിച്ചൊരാൾ നിശബ്ദമായി മടങ്ങിപ്പോകുകയാണ്, ഓർമകളുടെ അഭ്രപാളിയിൽ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സന്ദർഭങ്ങളും സംഭാഷണങ്ങളും ബാക്കി.
കൊച്ചിയിലെ ദാറുൽ ഉലും സ്കൂളിൽ ക്ലർക്കിന്റെ ജീവിത വേഷമാടുമ്പോൾ തന്നെയാണു കൊച്ചിൻ കലാഭവന്റെ ബാനറിൽ മിമിക്സ് പരേഡ് അരങ്ങിലെത്തുന്നത്. സിദ്ദിഖിനൊപ്പം ലാൽ, കെ.എസ്. പ്രസാദ്, അൻസാർ, റഹ്മാൻ, വർക്കിച്ചൻ പേട്ട എന്നീ ആറു പേരടങ്ങുന്ന സംഘത്തിന്റെ ആദ്യ അവതരണം എറണാകുളം ഫൈൻ ആർട്സ് ഹാളിൽ. അതു ഹിറ്റായി. ഫൈൻ ആർട്സ് സൊസൈറ്റികളും കോളെജുകളിലും ഉത്സവപ്പറമ്പുകളിലുമൊക്കെ ചിരിയുടെ വിരുന്നൊരുക്കി. പിന്നെയങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതുവരെ ഏകീകൃത സ്വഭാവം ലഭിക്കാതിരുന്ന കലാരൂപത്തെ കേരളം മുഴുവൻ വരവേറ്റു, ഈ ആറു പേരിലൂടെ.
സിനിമ കാണലും ചർച്ചകളും സ്വപ്നങ്ങളുമൊക്കെ ഒരുമിച്ചായതിനാൽത്തന്നെ സിനിമയുടെ ലോകത്തേക്കു ചുവടുവയ്ക്കുമ്പോഴും പിരിയാതെ നിന്നു സിദ്ദിഖും ലാലും സംവിധായകൻ ഫാസിലിന്റെ സഹായികളായി. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ തുടങ്ങിയ സിനിമകളുടെ അണിയറയിൽ ഫാസിലിനൊപ്പമുണ്ടായിരുന്നു ഇരുവരും. പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളുടെ കഥയും ഇരുവരുടേതായിരുന്നു.
ഹാസ്യത്തിലൂടെ ജീവിതദുഃഖങ്ങളുടെ കഥയാണ് ആദ്യം അഭ്രപാളിയിലെത്തിച്ചത്. തൊഴില്ലില്ലായ്മ പോലുള്ള പ്രശ്നങ്ങളെ സരസമായി അവതരിപ്പിച്ച റാംജി റാവു സ്പീക്കിങ് ഇന്നും മലയാളിയുടെ മനസിലുണ്ട്. ചിത്രത്തിലെ രംഗങ്ങൾ ഇന്നും നിത്യകാഴ്ചകളുടെ പ്ലാറ്റ്ഫോമുകളിൽ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ആ കൂട്ടുകെട്ടിൽ പിന്നെയും സിനിമകൾ പിറന്നു. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല. വ്യത്യസ്ത പ്രമേയ പരിസങ്ങളിലേക്കു പറിച്ചു നടപ്പെടുന്ന കഥകളിലൊക്കെ ആദ്യാവസാനം ചിരിയൊഴിയാതെ നിന്നിരുന്നു. എല്ലാം ബോക്സോഫിസിൽ സൂപ്പർഹിറ്റുകൾ. വിജയമുറപ്പിക്കുന്ന ഘടകങ്ങളൊക്കെ സിദ്ദിഖ് ലാൽ ചിത്രങ്ങളിൽ ചേർന്നു നിന്നു.
1993ലാണ് ആ സംവിധാന കൂട്ടുകെട്ട് വേർപിരിയുന്നത്. അഭിനയവഴികളിലേക്കു ലാലും, അതുവരെ പയറ്റിയ സംവിധാനമേഖലയിൽ ഏകാന്തനായി സിദ്ദിഖും യാത്ര തുടർന്നു. ഒരുമിച്ചു തെളിഞ്ഞ പേരുകൾ രണ്ടായി ടൈറ്റിൽ കാർഡിലെത്തി. നിർമാണം ലാലും സംവിധാനം സിദ്ദിഖും, ഹിറ്റ്ലർ, ഫ്രണ്ട്സ് തുടങ്ങിയ ചിത്രങ്ങൾ. ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്കർ ദ റാസ്കൽ, കിങ് ലയർ, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളും സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. ബോഡി ഗാർഡിന്റെ തമിഴ് റീമേക്ക് കാവലൻ എന്ന പേരിൽ വിജയിനെ നായകനാക്കിയും, ഹിന്ദി റീമേക്ക് അതേ പേരിൽ സൽമാൻ ഖാനെ നായകനാക്കിയും സിദ്ദിഖ് സംവിധാനം ചെയ്തു. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിൽ നൂറു കോടി ക്ലബ്ബിൽ കയറുന്ന ബോളിവുഡ് ചിത്രത്തിനുള്ള റെക്കോഡ് സിദ്ദിഖിന്റെ പേരിലാണ്. റിലീസ് ചെയ്തു നാലാം ദിവസമാണ് ഹിന്ദി ബോഡിഗാർഡ് അപൂർവ നേട്ടത്തിന്റെ കൊടുമുടി താണ്ടിയത്
മലയാളിയിന്നും ആവർത്തിച്ചു കാണുന്ന രംഗങ്ങൾ പലതും സിദ്ദിഖിന്റെ സിനിമയിലേതാണ്. കഥാപാത്ര സൃഷ്ടിയിലും ആഖ്യാന ശൈലിയിലും ആൾക്കൂട്ടത്തെ ഒപ്പം നിർത്തുന്ന ഘടകങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ട്. അതതു കാലത്തെ സാമൂഹികാവസ്ഥകളെ ആക്ഷേപ ഹാസ്യത്തിലൂടെ അഭ്രപാളിയിലെത്തിച്ചു. ചിരി തന്നെയാണു പ്രേക്ഷക മനസിലേക്കുള്ള വഴിയെന്നു തിരിച്ചറിഞ്ഞ സംവിധായകൻ. എൺപതുകളിൽ തുടങ്ങി രണ്ടായിരത്തിനപ്പുറത്തേക്കും സംവിധായകക്കുപ്പായത്തിൽ തുടരുമ്പോഴും, കാലത്തിന്റെ ഇടർച്ചകളുണ്ടായില്ല. പുതിയ കാലത്തിന്റെ ചേരുവകളിൽ വ്യത്യസ്ത സിനിമകൾ തന്നെ ഒരുക്കി. മാറ്റത്തെ തിരിച്ചറിഞ്ഞുള്ള സിനിമാഖ്യാന രീതിയിൽ സിദ്ദിഖിന് തുടരാനായി, ഒടുക്കം വരെ. എക്കാലത്തും ആൾക്കൂട്ടത്തെ ആകർഷിച്ച സംവിധായകൻ തന്നെയായിരുന്നു സിദ്ദിഖ്.