തിരുവനന്തപുരം . പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരക്കിട്ട സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്ന് എൽഡിഎഫും എൻഡിഎയും.
ജയിക്ക് സി തോമസിന് പുറമേ രജി സക്കറിയ സുഭാഷ് പി വർഗീസ് എന്നിവർ എൽഡിഎഫിന്റെ സ്ഥാനാർഥി പട്ടികയുലുണ്ട്. ജയ്ക്ക് സി തോമസിന്റെ പേര് ഒഴിവാക്കിയാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് സ്ഥാനാർത്ഥി പട്ടിക നൽകിയതെങ്കിലും ജയിക്ക്നു വേണ്ടി സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടുണ്ട്.
സമ്മർദം ശക്തമായാൽ ഇത്തവണത്തെ മത്സരത്തോട് എതിർപ്പ് പ്രകടിപ്പിച്ചു നിൽക്കുന്ന ജയ്ക്ക് സി തോമസ് തന്നെ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായേക്കും. ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേരുകൾ പരിഗണിച്ചാൽ റെജി സക്കറിയക്ക് ആയിരിക്കും സാധ്യത. അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാണ്. രണ്ടുദിവസത്തിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് എൽഡിഎഫ് ആലോചന.
എൻഡിഎയിലും സ്ഥാനാർഥി ചർച്ചകൾ സജീവമാണ്. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ പുതുപ്പള്ളിയിൽ എൻഡിഎ ഇറക്കുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും പാർട്ടി നേതൃത്വം ഇത് തള്ളി. ജോർജ് കുര്യനാണ് പ്രഥമ പരിഗണന എന്നാണ് സൂചന. അടുത്തദിവസം ചേരുന്ന പ്രത്യേക യോഗത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.