വാർത്താനോട്ടം

Advertisement

2023 ആഗസ്റ്റ് 09 ബുധൻ

BREAKING NEWS

👉 വീണാ വിജയൻ സി എം അർ എൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം നിയമസഭയിലുന്നയിക്കാൻ പ്രതിപക്ഷം

👉 അന്തരിച്ച ചലചിത്ര സംവിധായകൻ സിദ്ധിഖിൻ്റെ ഭൗതീക ശരീരം കടവത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചു.

👉 പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ്: ഇടത് സ്ഥാനാത്ഥിയെ വെളളിയാഴ്ച സി പി എം പ്രഖ്യാപിക്കും

👉 പുതുപ്പള്ളിയിൽ മിത്ത് വിവാദം ചർച്ചയാക്കില്ലെന്ന് വി ഡി സതീശൻ

കേരളീയം

🙏സംസ്ഥാനത്തിന്റെ പേരു തിരുത്തുന്നു. ഇംഗ്ളീഷില്‍ കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. സംസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും.

🙏പുതുപ്പള്ളി നിയമസഭാ
മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവു വന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ എട്ടിനാണു വോട്ടെണ്ണല്‍. ഈ മാസം 17 -ാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന തീയതി. മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

🙏പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിനു പിറകേ ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ തീരുമാനിക്കും.

🙏സൂപ്പര്‍ഹിറ്റ് ചിരിച്ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. 68 വയസായിരുന്നു. കരള്‍ രോഗം മൂലം ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ഒമ്പതു മുതല്‍ 12 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള വീട്ടിലും പൊതുദര്‍ശനം. വൈകുന്നേരം ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ .

🙏സംവിധായകന്‍ സിദ്ധിഖിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സിനിമാ മേഖലയിലെ സീനിയര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, തിരക്കഥാ രചനയിലും സംവിധാനത്തിലും ഒപ്പമുണ്ടായിരുന്ന ലാല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

🙏മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്കു പോലീസിന്റെ മര്‍ദനമേറ്റെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മയക്കു മരുന്ന് ഉപയോഗംമൂലമുള്ള നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തി. ശ്വാസകോശത്തില്‍ നീരു കെട്ടിയിരുന്നു. ഹൃദയ ധമനികള്‍ക്കും തടസമുണ്ടായിരുന്നു. 21 മുറിവുകളുണ്ടായിരുന്നു.

🙏വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം ഉടനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മീനങ്ങാടി, മേപ്പാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മീനങ്ങാടി പൊലീസിന്റെ കേസില്‍ വീട്ടി മരത്തിന്റെ ഡിഎന്‍എ സര്‍ട്ടിഫിക്കറ്റും മരത്തിന്റെ പ്രായം നിര്‍ണ്ണയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇതിലാകും ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക.

🙏കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് വൈദ്യുതി ലൈനിനു താഴെയുള്ള വാഴ കൃഷി വെട്ടി നശിപ്പിച്ചവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍. ചില വാഴകള്‍ക്കു വൈദ്യുതി ലൈനില്‍നിന്നു തീ പിടിച്ചതിനാലാണ് വാഴകള്‍ വെട്ടിമാറ്റിയതെന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശദീകരണം നല്‍കി.

🙏ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണ- പ്രതിപക്ഷങ്ങള്‍ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണു നിയമസഭയെ ഉപയോഗിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

🙏കോഴിക്കോട് വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജത്തിന്റെ നിര്‍വാഹക സമിതി പിരിച്ചുവിട്ട് അവരുടെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.

🙏കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് ഗ്രാമപഞ്ചായത്താകുന്നു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് സര്‍വകലാശാലയും ചക്കിട്ടപ്പാറ സഹകരണ ബാങ്കും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.

🙏തിരുവനന്തപുരം നഗരത്തിലെ പ്രമുഖ തീര്‍ത്ഥകേന്ദ്രമായ ബീമാപള്ളി അമിനിറ്റി സെന്ററിന് 2.58 കോടി രൂപ കൂടി അനുവദിച്ചു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണു പണം അനുവദിച്ചതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

🙏മരിച്ച അമ്മയെ സന്ദര്‍ശിക്കാനെന്ന പേരില്‍ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ബഹ്റൈനില്‍നിന്നു വന്ന യുവതി ചെരുപ്പില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 518 ഗ്രാം സ്വര്‍ണം സഹിതമാണു പിടിയിലായത്.

🙏കൊല്ലം ചിറക്കര പഞ്ചായത്ത് ഭരണം യുഡിഎഫിന്. എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ മുന്‍ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനമാറ്റത്തിനിടെ സിപിഎം അഗങ്ങളായിരുന്ന സജിലയും സുചിത്രയും കൂറുമാറി കോണ്‍ഗ്രസിന് വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ സജില പ്രസിഡന്റായി. സിപിഐ അംഗമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. അടുത്ത ഊഴം സിപിഎമ്മിനു നല്‍കാനാണു രാജിവച്ചത്.

🙏എറണാകുളത്തു മദ്യപിച്ചു വാഹനമോടിച്ച 12 ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍. ഇവരില്‍ പത്തു പേര്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മരാണ്.

🙏കോട്ടയം പാണ്ടന്‍ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടന്‍ചിറ ഓട്ടക്കുന്ന് വീട്ടില്‍ സാബു (57) വിന് ഗുരുതര പരിക്കേറ്റു. വീടിനു സമീപമെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.

ദേശീയം

🙏മണിപ്പൂര്‍ വിഷയത്തിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിലും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി ഇന്ന്. പ്രധാനമന്ത്രിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയി. മണിപ്പൂരിനെ രണ്ടു മണിപ്പൂരാക്കിയിരിക്കുകയാണ്. കലാപം ശാന്തമാക്കാന്‍ ഒരു വാക്കുപോലും പ്രധാനമന്ത്രി ഉരിയാടിയില്ല. അദ്ദേഹം പറഞ്ഞു. മോദി സഭയിലുള്ളപ്പോഴേ രാഹുല്‍ ഗാന്ധി പ്രസംഗിക്കൂവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്താക്കി.

🙏പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്നു വിശേഷിപ്പിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെതിരേ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

🙏അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെടുകയും എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതിനു പിറകേ, രാഹുല്‍ ഗാന്ധി ഒഴിഞ്ഞുകൊടുത്ത ഔദ്യോഗിക വസതി തിരികെ കിട്ടി. തുഗ്ലക്ക് ലയിനിലെ പഴയ വസതി തന്നെയാണ് രാഹുലിനു ലഭിച്ചത്. ഇന്ത്യ മുഴുവന്‍ തനിക്കു വസതിയാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്.

🙏തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡു ചെയ്തു. സഭയില്‍ ബഹളം വച്ചതിനാണ് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ സസ്പെന്‍ഡു ചെയ്തത്.

🙏സിപിഎം പിബി അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിന് അമേരിക്കന്‍ വ്യവസായി നെവില്ലെ റോയ് സിംഗവുമായി അടുത്തബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ദേശ വിരുദ്ധരുമായാണ് സിപിഎമ്മിന് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു.

🙏ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയില്‍നിന്ന് 20 നേതാക്കള്‍ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

🙏തൊണ്ണൂറു വയസുള്ള മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഡല്‍ഹി സര്‍വ്വീസസ് ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്യാന്‍ വീല്‍ ചെയറില്‍ രാജ്യസഭയിലെത്തി. സഭയില്‍ എത്തിയ മന്‍മോഹന്‍ സിംഗിനെ പ്രതിപക്ഷം പ്രശംസിച്ചു. എന്നാല്‍ അങ്ങേയറ്റം ലജ്ജാകരമെന്നാണ് ബിജെപി നേതാക്കള്‍ പരിഹസിച്ചത്. രാജ്യസഭയിലെത്തിയതിന് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ മന്‍മോഹന്‍ സിംഗിന് നന്ദി പറഞ്ഞു.

🙏രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര ഗുജറാത്ത് മുതല്‍ മേഘാലയവരെ നടത്തുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. തീയതി തീരുമാനിച്ചിട്ടില്ല. ഒരുക്കങ്ങള്‍ ഉടനേ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അന്തർദേശീയം

🙏ഇലോണ്‍ മസ്‌കിന്റെ ഓട്ടോമോട്ടീവ് – എനര്‍ജി കമ്പനിയായ ടെസ്ലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഇന്ത്യന്‍ വംശജനായ വൈഭവ് തനേജയെ നിയമിച്ചു. അദ്ദേഹം നിലവില്‍ ടെസ്ലയുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസറാണ്.

കായികം

🙏വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 44 പന്തില്‍ 83 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും 49 റണ്‍സെടുത്ത തിലക് വര്‍മയുടേയും ഇന്നിംഗ്സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

🙏ഫിഫ വനിത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. ക്വാര്‍ട്ടറില്‍ സ്പെയിന്‍ നെതര്‍ലണ്ട്സിനേയും ജപ്പാന്‍ സ്വീഡനേയും ഓസ്ട്രേലിയ ഫ്രാന്‍സിനേയും ഇംഗ്ലണ്ട് കൊളംബിയയേയും നേരിടും. ഓഗസ്റ്റ് 11, 12 തിയതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍.

Advertisement