വീട്ടിലേക്കു പോകാൻ പേടി, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; വിദ്യാർഥിനിക്ക് ചിൽഡ്രൻസ് ഹോമിൽ താമസമൊരുക്കി

Advertisement

മലപ്പുറം: സ്കൂൾ വിട്ടു വീട്ടിലേക്കു പോകില്ലെന്നു പറഞ്ഞു വാശിപിടിച്ച കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ രണ്ടത്താണിയിലെ ശാന്തിഭവനം ചിൽഡ്രൻസ് ഹോമിലാക്കി. ഏഴാം ക്ലാസുകാരിയാണു വീട്ടിലേക്ക് പോകില്ലെന്നും തന്നെ വീട്ടിലേക്ക് അയച്ചാൽ ആത്മഹത്യ ചെയ്യുമെന്നും അധ്യാപകരെ അറിയിച്ചത്.

ഇവർ ചൈൽഡ് ഹെൽപ് ലൈൻ ട്രോൾ ഫ്രീ നമ്പറിലേക്കു വിളിച്ചു വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ ചൈൽഡ് ഹെൽപ് ലൈൻ പ്രൊജക്ട് കോഓർഡിനേറ്റർ സി.ഫാരിസ, കേസ് വർക്കർ സൈനുൽ അബിദീൻ എന്നിവരെത്തി കുട്ടിയുമായി സംസാരിച്ചു.

കുട്ടിക്ക് മാതാവിനും സഹോദരനുമൊപ്പം താമസിക്കുന്നത് ഭയമാണെന്നും വീട്ടിൽ സുരക്ഷിതയല്ലെന്നും അറിയിച്ചതിനാൽ മാതാവിനെ വിവരം അറിയിച്ച ശേഷം സ്കൂളിൽ നിന്നു കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെംബർ അഡ്വ.ജാബിറിന്റെ മുൻപിൽ ഹാജരാക്കി. തുടർന്നു രണ്ടത്താണി ശാന്തി ഭവനം ചിൽഡ്രൻസ് ഹോമിൽ കുട്ടിക്കു താമസമൊരുക്കുകയായിരുന്നു.

Advertisement