ചീക്കൽക്കടവിൽ അടുത്തടുത്ത് എംപിയുടെയും എംഎൽഎയുടെയും മിനി മാസ്റ്റ് ലൈറ്റ്; ഒടുവിൽ എംപിയുടെ ലൈറ്റിന് ഇളക്കം

Advertisement

കൊല്ലം: കിഴക്കേ കല്ലട പഞ്ചായത്തിലെ മിനി മാസ്റ്റ് ലൈറ്റ് തര്‍ക്കത്തില്‍ തടിയൂരാന്‍ കരാര്‍ കമ്പനി. ഒരേ ദിവസം തൊട്ടടുത്ത് സ്ഥാപിച്ച എംപിയുടേയും എംഎല്‍എയുടേയും മിനിമാസ്റ്റ് ലൈറ്റ് വിവാദമായമായതോടെ എംപിയുടെ ലൈറ്റ് ഇളക്കി മാറ്റി. ലൈറ്റ് സ്ഥാപിച്ച കുണ്ടറ കെല്‍ കമ്പനിയാണ് കഴിഞ്ഞ ദിവസം രാത്രി ലൈറ്റ് നീക്കിയത്. ലൈറ്റ് ഉചിതമായ സ്ഥലത്ത് പുനഃസ്ഥാപിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീക്കല്‍കടവ് പാലത്തിന് സമീപം കൊടിക്കുന്നില്‍ സുരേഷ് എംപിയുടേയും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടേയും മിനിമാസ്റ്റ് ലൈറ്റ് ഒരേ ദിവസം സ്ഥാപിച്ചത്. ആദ്യം ലൈറ്റ് സ്ഥാപിച്ചതിനെച്ചൊല്ലി എംപിയും എംഎല്‍എയും തമ്മില്‍ പോര് തുടങ്ങിയതോടെയാണ് കരാര്‍ കമ്പനി തന്നെ എംപിയുടെ ലൈറ്റ് എടുത്തു മാറ്റി പോസ്റ്റ് വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പഞ്ചായത്ത് കമ്മിറ്റി കൂടി തീരുമാനമെടുക്കാനിരിക്കെയായിരുന്നു തിടുക്കത്തിലുള്ള നീക്കം. ലൈറ്റ് സ്ഥാപിച്ചപ്പോഴും നീക്കം ചെയ്തപ്പോഴും അറിയിച്ചില്ലെന്നാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി പറയുന്നത്.

മുന്‍ഭരണ സമിതിയുടെ കാലയളവില്‍ അനുമതി ലഭിച്ച എംഎല്‍എയുടെ ലൈറ്റ് മൂന്ന് വര്‍ഷത്തിലേറെ വൈകിയതോടെയാണ് കോണ്‍ഗ്രസ് വാര്‍ഡ് അംഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് എംപി ലൈറ്റ് അനുവദിച്ചത്. പ്രദേശിയവികസന ഫണ്ട് ഉപയോഗിച്ചാണ് ഇരുവരും ലൈറ്റുകള്‍ സ്ഥാപിച്ചത്. രണ്ട് ലൈറ്റും ഒരേ സ്ഥലത്ത് മൂന്നടി മാത്രം അകലത്തില്‍ സ്ഥാപിച്ചത് അറിയാതിരുന്ന ഉദ്യോഗസ്ഥരെയും ഒന്നിന് പിറകെ മറ്റൊന്ന് സ്ഥാപിച്ച കരാര്‍ കമ്പനിയായ കെല്ലിനെയും പഴി ചാരി ലൈറ്റ് വിവാദം അണയ്ക്കാനാണ് ശ്രമം.

Advertisement