ഒരു ചെറിയ മിസണ്ടർസ്റ്റാൻറിംഗ് പോലും പറ്റാത്ത സിദ്ധിക്ക് ആദരാഞ്ജലി

Advertisement

ദീപക് അനന്തന്‍

അതേ ഒരു ചെറിയ മിസണ്ടർസ്റ്റാൻറിംഗ് പറ്റീട്ടുണ്ട്..
അതൊക്കെ ഇപ്പോഴത്തെ ഏതു ചെറുപ്പക്കാർക്കാ പറ്റാത്തത്.?കല്യാണം കഴിയുമ്പോൾ ഒക്കെ മാറിക്കോളും…

പട്ടാളം മാധവിയമ്മയെപോലെയുള്ള പച്ച മനുഷ്യർ സംസാരിച്ചത് ശ്രീനിവാസനു ശേഷം സിദ്ദിക്കിലൂടെയാണ്.

”ആ റാവുത്തരോടാണോ പോയി ചോദിക്കുന്നത് ” എന്ന ഡയലോഗിലെ ‘ആ’ ആണ് സിദ്ധിക്കിലെ പ്രതിഭയുടെ ശ്രീ.! ഫ്രണ്ട്സിലെ ഒരു ഡയലോഗ് പോലുമില്ലാതെ ജനാര്‍ദ്ദനന്‍റെ പൊടിയില്‍ മുങ്ങിയ മൂളല്‍,പിന്തുടര്‍ന്നുവരുന്ന ശ്രീനിവാസന്‍റെ അസമയത്തെ ചിരി, മണിച്ചിത്രത്താഴിലെ രാഘവോ എന്ന തുടങ്ങി കഥകൊണ്ടുപോകുന്ന ആ ലോംങ്ഡയലോഗ് ഇതൊക്കെ ചിരിക്കിടയിലെ പ്രതിഭാവിലാസം

ബോധപൂർവ്വം ആവർത്തിക്കുന്ന ‘ആ’ ആണ് അതിലെ ഒറിജിനാലിറ്റി.!അത്രമേൽ സസൂക്ഷ്മം നിരീക്ഷിച്ച് കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവരെ കൊണ്ട് സ്വയം സംസാരിപ്പിച്ചു സിദ്ദിക്ക്.യഥാർഥ ജീവിതങ്ങളിൽ നിന്നും ചീന്തിയെടുത്ത മനുഷ്യരെ തൻെറ ഭാവനചാലിച്ച് മൗൾഡുകളാക്കി, അതിലേക്ക് നടനപ്രതിഭകളെ ഉരുക്കിയൊഴിച്ച് കഥാപാത്രങ്ങളാക്കി സിദ്ദിക്ക് വാർത്തെടുത്തു.അവരെ പോലെ മറ്റൊന്ന് പിന്നീട് അഭ്രപാളിയിൽ സൃഷ്ടിക്കാൻ ആർക്കും സാധിച്ചില്ല.ആ മൂശകൾ,പിന്നീട് ഉടച്ചുകളയും. അവയോട് സാമ്യമുള്ളവ പോലും സിദ്ദിക്ക് തൻെറ മറ്റൊരു സിനിമക്കായി ഉപയോഗിച്ചില്ല എന്നതാണ് സിദ്ദിക്കിലെ മൗലികത.അഞ്ഞൂറാനും ബാലരാമനും അച്ചമ്മയും ഗർവാസീസാശാനും പട്ടാളം മാധവിയും സ്വാമിയേട്ടനും ഹംസക്കോയയും റാവുത്തരും പൊന്നപ്പനും മായീൻകുട്ടിയും അപ്പുക്കുട്ടനുമെല്ലാം മലയാളത്തിൽ ഒരേയൊരെണ്ണമേയുള്ളൂ.സിദ്ദിക്ക്ലാൽ ചിത്രങ്ങൾക്ക് മാത്രം സംഗീതം നൽകി പവനരച്ചെഴുതിയ പാട്ടുകളുടെ പൂക്കാലം തീർത്ത എസ്.ബാലകൃഷ്ണനെ പോലെ.!

ബാലരാമനെന്ന സാക്ഷാൽ തിലകൻെറ അച്ഛനാകാൻ മലയാളത്തിൽ ആരെന്ന ചോദ്യത്തിനുത്തരം എൻ.എൻ.പിള്ളയെന്ന് പ്രഖ്യാപിച്ച സിദ്ദിക്ക് അഞ്ഞൂറാൻെറെയും മക്കളുടേയും കഥയെ പ്രതിഷ്ഠിച്ചത് ആയിരം കൊല്ലങ്ങൾക്കപ്പുറവും വിസ്മൃതമാകാത്ത ചരിത്രത്താളിലാണ്.”ഞങ്ങളെപ്പറ്റി എന്തു കഥയെഴുതാൻ..? അവൻമാരൂടെ ഇടേൽ കിടന്ന് ജീവിച്ച് ഞങ്ങൾക്കൊക്കെ കഥയില്ലാണ്ടായി സ്വാമീ..”എന്ന് കോളനിക്കാരുടെ കഥയെഴുതാൻ വന്ന കൃഷ്ണമൂർത്തിയോടുള്ള പട്ടാളം മാധവിയമ്മയുടെ ഡയലോഗിൽ ഉള്ളുലഞ്ഞു പോകുന്ന നിസഹയാവസ്ഥയുടെ തേങ്ങലുണ്ട്.


”മാധവിയമ്മേ..ഈ പ്രേമം എന്ന സംഗതി കണ്ടുപിടിച്ചതു തന്നെ പാവപ്പെട്ട പെൺകുട്ട്യോൾക്ക് വല്യ വല്യ വീടുകളിൽ പോയി തമ്പുരാട്ടിമാരായി ജീവിക്കാനാണ്..”എന്ന എരുമേലിയുടെ നാട്ടുമ്പുറം ഫിലോസഫിക്ക് പച്ചയാഥാർഥ്യത്തിൻെറ മണമാണ്.ചിരിയിൽ അലിഞ്ഞു പോകില്ലായിരുന്നു സിദ്ധിക്ക് വരച്ചിട്ട കണ്ണീരിൻെറ കഥകൾ.

തിരശീലയിലെ പ്ളോട്ടിന് അതിനെക്കാൾ വലിയ ക്യാൻവാസുള്ള ഒരു ഫ്ളാഷ് ബാക്ക്.,അതിൻെറ വേരിൽ നിന്നും പതിയെ തുടങ്ങി ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ച്, ആകാംഷയുടെ മുൾമുനയിലൂടെ ചിരിച്ചു നീങ്ങുന്ന കഥ.അതേ ഫ്ളാഷ്ബാക്കിനെ ട്വിസ്റ്റുകളുടെ പരമ്പര തീർത്ത് തിരികെ ക്ളൈമാക്സിലെത്തിക്കുന്ന സിദ്ദിക്കിലെ ആഖ്യാന സിദ്ധിയ്ക്ക് ഒരു നെയ്ത്തുകാരൻെറ കരവിരുതുണ്ട്. അഞ്ഞൂറാനും സേതുമാധവനും മൂസാസേട്ടുവിനും മാധവൻകുട്ടിയ്ക്കും ചന്തുവിനും മുന്നയ്ക്കും മീരയ്ക്കും സത്യപ്രതാപനുമെല്ലാം പറയാൻ അഭ്രപാളിക്ക് പിറകിലൊരു കഥയുണ്ടായിരുന്നു.,അതായിരുന്നു ആ സിനിമകളുടെ ആത്മാവും.!

സിദ്ദിക്ക് കഥാപാത്രങ്ങളുടെ ഡയലോഗ് റഫറൻസില്ലാത്ത മലയാളിയുണ്ടാവില്ല.കൈനീട്ടം വൈകിട്ടായായാൽ കൊഴപ്പമുണ്ടോ.?,ഹോ ഈ പത്രക്കാരെ കൊണ്ട് തോറ്റു,,വളയ്ക്കാനും തിരിക്കാനും പറ്റുന്ന സാധനമാണ്,എല്ലാം പറഞ്ഞ് കോംപ്ളിമെൻറാക്കി, വാക്കുപറഞ്ഞാൽ വാക്കായിരിക്കണം അല്ലാതെ പ്രവർത്തിച്ച് അത് നശിപ്പിക്കരുത്,ഞാനിവിടെ കിടന്ന് ആലോചിക്കാം,ചേട്ടന് ഒന്നും പറ്റാത്തതിൽ ചേട്ടത്തിയമ്മ സന്തോഷിക്കുകയല്ലേ വേണ്ടത്, നീയൊക്കെ എന്തിനാ പഠിക്കുന്നേ, ഇതിനിടയിൽ അങ്ങനെയും ഒരു സാധനമിറങ്ങിയോ, ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണ്,ദാ ഇതാണ് ആ രേഖ,ഓവറാക്കി ചളമാക്കുന്നില്ല……

‘വിയറ്റ്നാം കോളനി’ എന്ന ചിത്രത്തിൽ ഇന്നസന്റ്, മോഹൻലാൽ, കുതിരവട്ടം പപ്പു എന്നിവർ.

ഒരു പിടി കഥാപാത്രങ്ങളെ പ്രേക്ഷക ഹൃദയങ്ങളിൽ ചേർത്തൊട്ടിച്ച ജൻ്റിൽമാൻ മടങ്ങുമ്പോൾ അവർക്കായി സിദ്ദിക്ക് തേച്ചുമിനുക്കിയെടുത്ത ഡയലോഗുകൾ ഓരോ മലയാളിയുടെയും നാവിൻതുമ്പിൽ എന്നുമുണ്ടാകും.ആ ക്രെഡിറ്റ് ആശാനെടുത്തോളൂ..സിദ്ദിക്ക് എന്ന പൊട്ടിച്ചിരിയുടെ ആശാൻ. പക്ഷേ പുറപ്പെട്ടത് അരമണിക്കൂർ മുമ്പേയല്ല., അരജീവിതം തന്നെ ബാക്കിവെച്ചാണ് എന്ന സങ്കടം എല്ലാചിരികളെയും നിശ്ചലമാക്കുന്നു…
ആദരാഞ്ജലികള്‍