തിരുവനന്തപുരം: സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ്.
കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിർമിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തിൽ മറ്റു പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കരുത്.
വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കു ദേശീയ പതാക എല്ലാ ദിവസും ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിർത്തിയാകണം ഇത്.
പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ചു 2002ലെ ഫ്ലാഗ് കോഡ് ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്ലാഗ് കോഡ് സെക്ഷൻ -9ന്റെ പാർട്ട് 3ൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുതെന്നും ഫ്ലാഗ് കോഡിൽ പറയുന്നു.