2023 ആഗസ്റ്റ് 10 വ്യാഴം
കേരളീയം
🙏എഐ ക്യാമറ അഴിമതിയില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പദ്ധതിയില്‍ നിന്നു പിന്മാറാനുണ്ടായ കാരണങ്ങള്‍ അടക്കം വിശദീകരിച്ച് ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
🙏 കോട്ടയം പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥനെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം. ജില്ലാ പഞ്ചായത്തംഗമായ നേതാവിനെ മല്‍സരിപ്പിക്കുന്നതിനു ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ സിപിഎമ്മിന് കോണ്‍ഗ്രസിലെ അസംതൃപ്തരെ തേടി പോകേണ്ട കാര്യമില്ലെന്ന് തെരഞ്ഞെടുപ്പു ചുമതലയുള്ള മന്ത്രി വി.എന്‍ വാസവന്‍.
🙏 കെ എം ആർ എൽ മാസപ്പടി പട്ടികയില്‍ പ്രതിപക്ഷത്തേതടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും. നേതാക്കളുടെ പേരുകള്‍ രണ്ടക്ഷര ചുരുക്കപ്പേരുകളിലാണു രേഖപ്പെടുത്തിയത്. കൊച്ചിന്‍ മിനറല്‍സ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാറിന്റെ വീട്ടില്‍നിന്നു ലഭിച്ച ഡയറിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നല്‍കിയ പണത്തിന്റെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് കണ്ടെടുത്തത്.
🙏 താനൂരില്‍ പോലീസ് അറസ്റ്റു ചെയ്ത താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട
സംഭവം സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.
🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഫുള്‍ബെഞ്ചിന് വിട്ട ഉത്തരവില്‍ ഇടപെടില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
🙏സൂപ്പര്‍ഹിറ്റ് ചിരിസിനിമകളുടെ സൃഷ്ടാവിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സാംസ്‌കാരിക കേരളം. സംവിധായകന്‍ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും സാംസ്‌കാരിക നായകരും വിടചൊല്ലി. ഔദ്യോഗിക ബഹുമതികള്‍ക്കു ശേഷം മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
🙏ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ച സ്പെഷ്യല്‍ അരിയുടെ വിതരണം നാളെ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ അഞ്ചു കിലോ വീതം സ്പെഷ്യല്‍ പുഴുക്കലരി വിതരണം ചെയ്യും.
🙏വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍ക്കുമെന്ന പേരില്‍ കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ മൂന്നര ലക്ഷം രൂപ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും. കൃഷി, വൈദ്യുതി മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയാണു തീരുമാനമെടുത്തത്. ചിങ്ങം ഒന്നിനു പണം നല്‍കുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നഷ്ടപരിഹാര വിവരം കൃഷിമന്ത്രി പി. പ്രസാദ് തന്നെ വിളിച്ച് അറിയിച്ചതില്‍ സന്തോഷമുണ്ടെന്ന് കര്‍ഷകന്‍ തോമസ് പ്രതികരിച്ചു.
🙏സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുടിഞ്ഞുപോയ തറവാടിന്റെ കാരണവരെ പോലെയാണ് കെ എന്‍ ബാലഗോപാല്‍ പ്രവര്‍ത്തിക്കുന്നത്. ലക്കും ലഗാനുമില്ലാതെ കടമെടുത്ത സര്‍ക്കാര്‍ കേരളത്തെ ഒരു പരുവമാക്കി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
🙏സംസ്ഥാനത്തിന്റെ ധനസ്ഥിതിക്കു കാരണം കേന്ദ്ര സര്‍ക്കാരാണെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്നു പറഞ്ഞ കെഎന്‍ ബാലഗോപാല്‍, ജനം ഏല്‍പ്പിച്ച ഇടതുപക്ഷത്തിന്റെ കൈകകളില്‍ കേരളം ഭദ്രമാണെന്നും അവകാശപ്പെട്ടു.
🙏കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ ഈ മാസം 19 ന് ആരംഭിക്കും. വിലക്കയറ്റം രൂക്ഷമായിരിക്കേ, 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സാധാരണക്കാര്‍ക്കു നല്‍കുമെന്നും തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു.
🙏മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ആരോപണം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കാത്തത് തങ്ങള്‍ വാങ്ങിയ പണത്തിന്റെ കണക്കു പുറത്തുവരുമെന്നു ഭയന്നിട്ടാണോയെന്നു കേന്ദ്രമന്ത്രി വി മരുളീധരന്‍. മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രിയെക്കൊണ്ടു മറുപടി പറയിക്കാതെ സതീശന്‍ രക്ഷിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
🙏മിത്തും സത്യവും പരിഹസിച്ചുകൊണ്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗണപതിയും കൃഷ്ണനും അയ്യപ്പനുമെല്ലാം മിത്താണെന്ന് പറയുന്നു. എന്നാല്‍, കൊച്ചിന്‍ മിനറല്‍സ് മാസപ്പടി, ലാവ്ലിന്‍, ബിരിയാണി ചെമ്പ്, സ്പ്രിംഗ്ളര്‍, കെ പദ്ധതികള്‍, വിവേക്, ഫാരിസ്, റിയാസ് തുടങ്ങിയവ സത്യമാണ്. സ്വപ്ന കുറിച്ചു.
🙏വീണയുടെ മാസപ്പടിയില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട ബിജെപി നേതാവ് കുമ്മനം രാജശേഖരനോടു മിണ്ടരുതെന്നാണ് കേന്ദ്രം പറഞ്ഞതെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഇവര്‍ തമ്മില്‍ അന്തര്‍ധാരയുണ്ടെന്നു അദ്ദേഹം ആരോപിച്ചു.
🙏ചെകുത്താന്‍ എന്ന യുട്യൂബര്‍ അജു അലക്സിനെതിരെ നടന്‍ ബാല മാനനഷ്ടക്കേസ് നല്‍കി. താന്‍ വീട് കയറി ആക്രമിച്ചെന്ന് അപകീര്‍ത്തിപരമായ പ്രസ്താവന പ്രചരിപ്പിച്ചതിന് അജുവിന് വക്കീല്‍ നോട്ടീസ് അയച്ചു. തോക്കുമായി വീട്ടില്‍ കയറി അക്രമിച്ചെന്നും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചെന്നും അജു അലക്സ് ബാലയ്ക്കെതിരെ പരാതിപ്പെട്ടിരുന്നു.
🙏കൊച്ചിയില്‍ ഓയോ റൂമില്‍ യുവതിയെ കുത്തിക്കൊന്നു. ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് റോഡിലുള്ള ഓയോ റൂമിലാണ് കൊലപാതകം. ഓയോ റൂമില്‍ താമസിക്കാനെത്തിയ ചങ്ങനാശേരി രേഷ്മ (22) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓയോ റൂം കെയര്‍ ടേക്കറായ ബാലുശേരി സ്വദേശി നൗഷാദ് പിടിയിലായി.
🙏തൊടുപുഴ മുട്ടം റൈഫിള്‍ ക്ലബില്‍നിന്ന് നാലു തോക്കുകള്‍ കാണാനില്ലെന്ന് പരാതി. തോക്കുകളില്‍ വെടിയുണ്ടകള്‍ നിറക്കുന്ന നാലു മാഗസീനുകളും നഷ്ടപ്പെട്ടു. തൊട്ടു മുന്‍പുണ്ടായിരുന്ന ഭരണ സമിതി അനധികൃതമായി ഇവ വിറ്റെന്നാണ് നിലവിലെ ഭരണ സമിതി ആരോപിച്ചത്.
🙏കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിനു സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുല്‍ത്താന്‍, നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്.
🙏കൊലപാതക കേസിലേയും സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദന കേസുകളിലേയും പ്രതി പിടിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി പ്ലാമൂട്ടില്‍ വീട്ടില്‍ സ്പൈഡര്‍ സാബു (52) ആണ് പിടിയിലായത്.
🙏പെരുമ്പാവൂരില്‍ ഹെറോയിനുമായി ആസാം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റിലായി. അംജദുല്‍ ഇസ്ലാം, ഷഹീദാ കാത്തൂന്‍ എന്നിവര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ നിന്നും വാഹനത്തില്‍നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
🙏ഭാര്യക്കു നിറമില്ലെന്ന് ആക്ഷേപിച്ച് ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. തേവലക്കര സ്വദേശി ഷിഹാബിനെയാണ് പിടികൂടിയത്. രണ്ടാം ഭാര്യയായിരുന്ന പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയാണ് ശാസ്താംകോട്ട കല്ലുംമൂട്ട് കടവില്‍ തടാകത്തില്‍ മരിച്ചത്.
ദേശീയം
🙏അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങള്‍ക്ക് മോദിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ജനം ഏറ്റവും ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയാണു നരേന്ദ്രമോദി. അവിശ്വാസ പ്രമേയം കള്ളങ്ങള്‍ നിറച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
🙏അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്നു നീക്കി. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ ‘കൊല’ എന്ന വാക്ക് നീക്കി. ബിജെപി നേതാക്കള്‍ രാജ്യദ്രോഹികളാണെന്ന വാചകത്തിലെ ‘രാജ്യദ്രോഹികള്‍’ എന്ന വാക്കും ഒഴിവാക്കി.
🙏ലോക്സഭയില്‍ രാഹുല്‍ഗാന്ധി ഫ്ളയിംഗ് കിസ് നല്‍കിയത് ഏതെങ്കിലും ഒരു വ്യക്തിക്കല്ല, സഭയിലെ എല്ലാവര്‍ക്കുമാണെന്നു കോണ്‍ഗ്രസ്. സഹോദരങ്ങളായ എല്ലാവരോടും സ്നേഹം പ്രകടിപ്പിച്ചതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട. രാഹുലിന്റെ പ്രസംഗം കഴിഞ്ഞ് സ്മൃതി ഇറാനി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴേക്കും രാഹുല്‍ സഭ വിട്ടിറങ്ങുന്നതിനിടെ ഫ്ളയിംഗ് കിസ് നല്‍കിയതിനെതിരേ ബിജെപിയിലെ വനിതാ എംപിമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
🙏അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചപ്പോള്‍ അദ്ദേഹത്തെ സഭാ ടിവിയില്‍ കാണിക്കാതെ സ്പീക്കറെയാണു കാണിച്ചതെന്ന പരാതിയുമായി പ്രതിപക്ഷം. 37 മിനിറ്റ് പ്രസംഗത്തില്‍ രാഹുലിനെ ടി വിയില്‍ കാണിച്ചത് 14 മിനിറ്റ് മാത്രമാണെന്നും ഇത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ്. മോദിക്കു രാഹുലിനെ ഇത്രയും ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു.
🙏പ്രധാനമന്ത്രി ഒരു ‘നിറത്തെയല്ല’ ഇന്ത്യയെന്ന രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന കാര്യം മറക്കരുതെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ജാതിഭേദമില്ലാതെ എല്ലാ വിഭാഗങ്ങളോടും നീതി പുലര്‍ത്താന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കായികം
🙏ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പാകിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച ഇന്ത്യ സെമിയിലേക്ക് മുന്നേറി, പാകിസ്ഥാന്‍ പുറത്തായി. ഇന്ത്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ ടീമുകളാണ് സെമിയിലെത്തിയത്.
🙏 നാളെ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യ ജപ്പാനേയും മലേഷ്യ ദക്ഷിണ കൊറിയയേയും നേരിടും.