മാസപ്പടി കണക്ക് വിവാദം സഭയില്‍ ഉന്നയിക്കാതെ മുക്കി പ്രതിപക്ഷം

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മാസപ്പടി കണക്ക് വിവാദം സഭയില്‍ ഉന്നയിക്കാതെ മുക്കി പ്രതിപക്ഷം.

സഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് അടിയന്തിര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നത് താനൂര്‍ കൊലപാതകം. വന്‍ വിവാദമായി ഉയര്‍ന്നുവന്ന വിഷയം അടിയന്തിര പ്രമേയമായി സഭയില്‍ ഉന്നയിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറിയെന്നാണ് കണക്കാക്കുന്നത്.

പണം കിട്ടിയവരുടെ പട്ടികയില്‍ പ്രതിപക്ഷത്തെ വലിയ പേരുകളെന്ന് സംശയിക്കാവുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ കൂടി പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് നീക്കത്തില്‍ നിന്നും മലക്കംമറിഞ്ഞതെന്നാണ് വിലയിരുത്തല്‍. രമേശ് ചെന്നിത്തല,പികെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളടക്കം പണം നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് വിവരം പുറത്തുവന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാനും രമേശ് ചെന്നിത്തല തയ്യാറായില്ല. പ്രതിപക്ഷത്തിന്‍റെ മൗനത്തെ കേന്ദ്രമന്ത്രി വി മുരളീധരന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക്ക് കമ്ബനിയ്ക്ക് പണം നല്‍കിയതായിട്ടാണ് ആക്ഷേപം. ഇല്ലാത്ത സോഫ്റ്റവേര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ 2017 മുതല്‍ മൂന്ന് വര്‍ഷത്തോളം മാസം തോറും പണം വന്നിരുന്നതായിട്ടാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടെയില്‍ ലിമിറ്റഡ് കമ്ബനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ റെയ്ഡില്‍ യാദൃശ്ചികമായി കിട്ടിയ ഡയറിയിലാണ് മാസപ്പടി കണക്കുണ്ടായിരുന്നത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കള്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങള്‍ ഉണ്ടായിരുന്നു.

കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടെയില്‍ ലിമിറ്റഡ് കമ്ബനി സിഎഫ്ഓ കെ എസ് സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പണവുമായി ബന്ധപ്പെട്ട കുറിപ്പുകളും കണ്ടെത്തി. പേരിന്റെ ചുരുക്കരൂപങ്ങളാണ് കുറിപ്പുകളിലുണ്ടായിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വീണയുടെ കമ്ബനിയുമായി ബന്ധപ്പെട്ട് യാതൊരു സോഫ്‌റ്റ്വെയര്‍ അപ്ഡേഷനും സ്ഥാപനത്തില്‍ നടന്നിട്ടില്ലെന്നും അതിനാല്‍ ഇത് കള്ളപ്പണമാണെന്നുമാണ് ഇന്‍കം ടാക്സ് വാദിച്ചത്. എന്നാല്‍ ബാങ്ക് മുഖേനയാണ് പണം കൈമാറിയതെന്നും കളളപ്പണ ഇടപാടല്ലെന്നുമായിരുന്നു സിഎംആര്‍എല്‍ നിലപാട്. ഇല്ലാത്ത സേവനത്തിന് മാസം തോറും പണം നല്‍കിയത് വഴിവിട്ട ഇടപാടെന്ന് ഇന്‍കം ടാക്സ് വാദിച്ചു.

മാധ്യമങ്ങളോട് ചോദിച്ചല്ല അടിയന്തരപ്രമേയവിഷയം പ്രതിപക്ഷം തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. അഴിമതി ആരോപണം അടിയന്തരപ്രമേയമാക്കാനാവില്ല. പണം വാങ്ങിയത് പാര്‍ട്ടിക്കാണ്. കര്‍ത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ല. സതീശനും കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

Advertisement