ഇടുക്കി. കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് വനം വകുപ്പ് കള്ളക്കെടുത്ത ആദിവാസി യുവാവ് സരുൺ സജിയുടെ പരാതിയിൽ നടപടി വൈകിപ്പിച്ചതിന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. പോലീസ് റിപ്പോർട്ടിൽ വ്യക്തതയില്ലാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. സരുൺ സജി നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ. പട്ടിക ജാതി പട്ടിക വർഗ്ഗ പീന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയതിനാൽ പീരുമേട് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കേസിൽ പ്രതി ചേർത്ത പതിമൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ പതിനൊന്നു പേരെ അറസ്റ്റു ചെയ്തിരുന്നു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കേസിൽ പ്രതികളായ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുൽ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സരുണിൻറെ പരാതി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സരുൺ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.