കൊച്ചി: എറണാകുളം കലൂരിൽ യുവതിയെ കൊലപെടുത്തിയത് അതിക്രൂരമായിയെന്ന് പൊലീസ്. കൊലപാതകത്തിന് മുമ്പ് പ്രതി പെൺകുട്ടിയെ മുറിയിൽ വച്ച് വിചാരണ നടത്തി ദൃശ്യം മെൈബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. കഴുത്തിലും വയറിലുമേറ്റ മുറിവാണ് യുവതിയുടെ മരണകാരണം. സംഭവത്തിൽ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഇന്ന് കോടതിയിൽ ഹാജരാക്കും.
കലൂരിൽ ഇന്നലെ രാത്രി യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപെട്ടത്. കലൂരിലെ അപ്പാർട്ട്മെൻറിൽ രാത്രി ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. സൗഹൃദം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ കൊലപെടുത്തിയെന്നാണ് പ്രതി നൗഷിദ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ അപ്പാർട്ടുമെൻറിലെ കെയർ ടേക്കർ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ രേഷ്മയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ മാറിനിന്ന നൗഷിദിനെ പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിൽ നൗഷിദ് കുറ്റം സമ്മതിച്ചു.
സാമൂഹമാധ്യമത്തിലൂടെ പരിചയപെട്ട രേഷ്മയുമായി കഴിഞ്ഞ മൂന്ന് വർഷമായി അടുപ്പമുണ്ടായിരുന്നതായി നൗഷിദ് പൊലീസിനോട് പറഞ്ഞു. ഈ സൗഹൃദം അവസാനിപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും രേഷ്മ തയ്യാറായില്ല. ഇതേ ചൊല്ലി പല തവണ രേഷ്മയുമായി തർക്കമുണ്ടായിട്ടുണ്ട്. ഇന്നലെ അപ്പാർട്ട്മെൻറിലേക്ക് രേഷ്മയെ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വച്ചും ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ടു. രേഷ്മ സമ്മതിക്കാത്തതിനെ തുടർന്ന് വഴക്കുണ്ടായി. വഴക്കിനിടയിൽ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സൗഹൃദത്തിൽ നിന്ന് പിൻമാറാൻ രേഷ്മ ഇനിയും വിസമ്മതിച്ചാൽ കൊലപെടുത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അതിനായി കത്തി വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതമറിഞ്ഞ് രേഷ്മയുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിട്ടുണ്ട്. ലാബ് അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്ന രേഷ്മ മൂന്ന് വർഷമായി കൊച്ചിയിലാണ് താമസം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.