ചവറ ശങ്കരമംഗലത്ത് വിദ്യാത്ഥികൾ കയറവേ സ്വകാര്യ ബസ്സിന്റെ ഡോർ അടച്ചു; കൈ കുടുങ്ങി വിദ്യാർത്ഥിനിക്ക് പരിക്ക്

Advertisement

ചവറ:ശങ്കരമംഗലത്ത് വിദ്യാത്ഥികൾ കയറവേ സ്വകാര്യ ബസ്സിന്റെ
ഓട്ടോ മാറ്റിക് ഡോർ അടച്ചതിനെ തുടർന്ന് ഡോറിനടിയിൽ കൈ കുടുങ്ങി വിദ്യാർത്ഥിനിക്ക് പരിക്ക്.കാരാളിമുക്ക് സ്വദേശിനിയും
ചവറ ശങ്കരമംഗലം ഹയർ സെക്കന്ററി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമായ ഭുവന(17) യ്ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച വൈകിട്ടാണ് സംഭവം.ചവറ – അടൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശിവം എന്ന ബസ്സിലാണ് അപകടം നടന്നത്.വിദ്യാർത്ഥികൾ കയറി കൊണ്ടിരിക്കെ ബസ്സ് മുന്നോട്ടെടുക്കുകയും ഒരു വിദ്യാർത്ഥിനി ഡോറിനു സമീപം മറിഞ്ഞ് വീഴുകയും ചെയ്തു.ഈ സമയം സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഭുവന ഓടിയെത്തി സഹപാഠിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഡ്രൈവർ ഡോർ അടയ്ക്കുകയായിരുന്നു.കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടും ബസ് നിർത്താതെ പോയി.

വ്യാഴാഴ്ച സ്ക്കൂളിൽ എത്തിയ ഭുവന അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ വീട്ടുകാരെത്തി ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബസ്സ് ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭുവനയുടെ ബന്ധുക്കളും സ്കൂൾ അധികൃതരും ചവറ പോലീസിൽ പരാതി നൽകി.അതിനിടെ ശങ്കരമംഗലം ജംഗ്‌ഷനിൽ ബസ്സ് കാത്ത് നിൽക്കുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സുകളിൽ കയറ്റാറില്ലെന്ന് ഏറെ നാളായി പരാതിയുണ്ട്.പെൺകുട്ടികൾ അടക്കമുള്ളവരെ ജീവനക്കാർ അധിക്ഷേപിച്ച് സംസാരിക്കുന്നതും പതിവാണ്.

Advertisement