കൊച്ചി:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി. പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിസാരമായ ആരോപണങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരൻ സമർപ്പിച്ച രേഖകളിൽ പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപെട്ടു എന്നതിന് പര്യാപ്തമായ തെളിവുകളില്ല. പരാതിയുള്ള ജൂറിമാർ ഉണ്ടെങ്കിൽ അവർക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നുവെന്നും കോടതി വിലയിരുത്തി. മാധ്യമങ്ങളിൽ കാണുന്നതിലൊക്കെ നോക്കി നോട്ടീസ് അയക്കാനും അന്വേഷണത്തിന് ഉത്തരവിടാനും സാധിക്കില്ലെന്നും കോടതി പറഞ്ഞു.
‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പുരസ്‌കാര നിർണയത്തിൽ സ്വജന പക്ഷപാതമുണ്ടായെന്നാണ് ഹർജിക്കാരൻ പ്രധാനമായി ആരോപിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട്ടെന്നും ഇതിനു തെളിവ് ഉണ്ടെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു.