ആഗോള വിപണിയിൽ പ്രീമിയം ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. വ്യത്യസ്ഥവും നൂതനവുമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് ഓരോ വർഷവും ആപ്പിൾ ഐഫോണുകൾ പുറത്തിറക്കാറുണ്ട്. ഇത്തവണ ആപ്പിൾ ആരാധകർ ഐഫോൺ 15 സീരീസാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഐഫോൺ 15 സീരീസിൽ ഒന്നിലധികം ഹാൻഡ്സെറ്റുകൾ കമ്പനി പുറത്തിറക്കാറുണ്ട്. അതേസമയം, ഐഫോൺ 15 സീരീസ് സെപ്റ്റംബറിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. ഐഫോൺ 15 സീരീസിലെ ഹാൻഡ്സെറ്റായ ഐഫോൺ 15-ൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.
ഐഫോൺ 15-നുമായി ബന്ധപ്പെട്ട നിരവധി തരത്തിലുള്ള അഭ്യൂഹങ്ങൾ ഇതിനോടകം തന്നെ പ്രചരിച്ചിട്ടുണ്ട്. ഐഫോൺ 15-ന്റെ വലിപ്പത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. 6.1 ഇഞ്ച് ലിക്വഡ് റെറ്റിന ഡിസ്പ്ലേ നൽകാനാണ് സാധ്യത. ഐഫോൺ 15-ന് കരുത്ത് പകരാനായി ആപ്പിൾ ഏറ്റവും പുതിയ എ16 ബയോണിക് ചിപ്സെറ്റ് ഉപയോഗിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ചിപ്സെറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല.
ഐഫോൺ 15-ൽ 48 മെഗാപിക്സൽ ഇമേജ് സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഒരുക്കുക. മുൻഗാമിയായ ഐഫോൺ 14 പ്രോ മോഡലുകളിൽ 48 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. അതേസമയം, ഐഫോൺ 15-ൽ ഉയർന്ന ബാക്കപ്പ് പ്രതീക്ഷിക്കാവുന്നതാണ്. ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പ് തന്നെയാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തുക. ഇന്ത്യൻ വിപണിയിൽ ഐഫോൺ 15-ന് ഏകദേശം 80,000 രൂപ വിലവരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.