പുതുപ്പള്ളി:ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം

Advertisement

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസിനെ എൽഡിഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോട്ടയത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. പുതുപ്പള്ളിയിൽ രാഷ്ട്രീയം ചർച്ചയാകുമെന്ന് ഗോവിന്ദൻ പറഞ്ഞു.
‘രാഷ്ട്രീയമായി ഈ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സംഘടിതമായി എല്ലാ വികസന പ്രവർത്തനത്തേയും എതിർക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷമാണ് വിചാരണ ചെയ്യപ്പെടുന്നത്. വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ്. 

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല എന്ന അജണ്ട വച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമാണുള്ളത്. ലോകത്ത് എവിടെയെങ്കിലും അങ്ങനെയുണ്ടോ എന്ന് അറിയില്ല. കേരളം ലോകത്തിന് മാതൃകയാകുന്ന ഫലപ്രദമായ ഇടപെടലുകൾ പോലും അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിർക്കുന്ന ഒരു നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ജനങ്ങൾ ഇതൊന്നും അംഗീകരിക്കില്ലന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

Advertisement