തിരുവനന്തപുരം: ഡ്രൈവർ ഉറങ്ങിപ്പോയാൽ വാഹനം തനിയെ ഓഫാകുന്ന ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം പരിചയപ്പെടുത്തി പ്ലസ്ടു വിദ്യാർഥി. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർഥിയായ എ.കെ ആദിത്യനാണ് ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ മോഡൽ അവതരിപ്പിച്ചത്. ഡ്രൈവറുടെ കണ്ണുകൾ ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറകൾ നിശ്ചിത സെക്കൻഡുകൾ പിന്നിട്ടാൽ വാഹനം തനിയെ ഓഫ് ആകും. പൈതൺ സോഫ്റ്റുവെയർ ഉപയോഗിച്ചാണ് സംവിധാനത്തിന്റെ പ്രവർത്തനം. വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ് സംവിധാനമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ്: ഫ്രീഡം ഫെസ്റ്റിൽ ശ്രദ്ധേയമായി ആദിത്യൻ അവതരിപ്പിച്ച ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം. ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ ശ്രദ്ധേയമായി ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യൻ എ. കെ.യാണ് മോഡൽ അവതരിപ്പിച്ചത്. ദൂരയാത്രകളിൽ ഡ്രൈവർ മയങ്ങിപ്പോയി ഉണ്ടായ ഒട്ടനേകം ദുരന്തങ്ങൾ നമുക്ക് മുമ്പിലുണ്ട്. അങ്ങനെയുള്ള അപകടങ്ങൾ തുടർക്കഥ ആകാതിരിക്കാനാണ് ആദിത്യൻ ഈ മോഡൽ അവതരിപ്പിക്കുന്നത്. ഡ്രൈവറുടെ കണ്ണുകൾ ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറകൾ നിശ്ചിത സെക്കൻഡുകൾ പിന്നിട്ടാൽ വാഹനം തനിയെ ഓഫ് ആക്കും. ഇതിലൂടെ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കും. പൈതൺ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇതിന് സമാനമായ സംവിധാനം ആഡംബര വാഹനങ്ങളിൽ ഉണ്ടെങ്കിലും ക്യാമറകൾ ഉപയോഗിച്ചുള്ള മോഡൽ ആദ്യമായിട്ടാണ്.