ന്യൂഡൽഹി: സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ രണ്ട് എസി കോച്ചുകളിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് കുപിതരായ യാത്രക്കാർ ടിക്കറ്റ് എക്സാമിനറെയും സഹായിയെയും ട്രെയിനിലെ ശുചിമുറിയിൽ പൂട്ടിയിട്ടു. ടിടിഇ ഹരീഷ് ചന്ദ്ര യാദവിനെയും മറ്റൊരു ജീവനക്കാരനെയുമാണ് പൂട്ടിയിട്ടത്. ദില്ലി ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് ഉത്തർപ്രദേശിലെ ഗാസിപൂരിലേക്ക് പോകുകയായിരുന്ന സുഹൈൽദേവ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. വാർത്താ ഏജൻസിയ പിടിഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെ ട്രെയിനിലെ ബി 1, ബി 2 കോച്ചുകളിലെ ലൈറ്റ് ഓഫ് ആകുകയും വൈദ്യുതി തകരാർ മൂലം എസികൾ പ്രവർത്തന രഹിതമാകുകയും ചെയ്തു. ടിടിഇയെ സംഭവം അറിയിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞ് പ്രശ്നത്തിന് പരിഹാരമില്ലാതായതോടെയാണ് ടിടിഇയെ പിടികൂടി ശുചിമുറിയിൽ പൂട്ടിയിട്ടത്. രണ്ട് കോച്ചുകളിലെ എസി തകരാറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അലിഗഡ് ജംഗ്ഷനിൽ ട്രെയിൻ നിർത്താത്തതിനാലാണ് യാത്രക്കാർ ക്ഷുഭിതരായത്. തുടർന്ന് റെയിൽവേ പൊലീസും ഉദ്യോഗസ്ഥരും ചേർന്ന് പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകിയതോടെ ടിടിഇയെ മോചിപ്പിച്ചു.
പിന്നീട് പുലർച്ചെ ഒന്നോടെ തുണ്ട്‌ല സ്റ്റേഷനിൽ ട്രെയിൻ രണ്ട് മണിക്കൂറിലേറെ നിർത്തിവെച്ച് പരിശോധിക്കുകയും എൻജിനീയർമാരുടെ സംഘം തകരാർ പരിഹരിക്കുകയും യാത്ര തുടരുകയും ചെയ്തു. സ്ഥിതിഗതികളെക്കുറിച്ച് മിശ്ര റെയിൽവേ നിയന്ത്രണത്തെ അറിയിച്ചെങ്കിലും ചില യാത്രക്കാർ ഇരുവരെയും പൂട്ടിയിടുകയായിരുന്നു. എസി പ്രവർത്തനരഹിതമായ ഒരു കോച്ചിനെ സുഹെൽദേവ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് യാത്രയുടെ ഭാഗമാക്കാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമോയെന്ന കാര്യത്തിൽ റെയിൽവേ വിശദീകരണം നൽകിയിട്ടില്ല. പ്രശ്നങ്ങളെ തുടർന്ന് ഏഴ് മണിക്കൂർ വൈകിയാണ് ട്രെയിൻ ലക്ഷ്യസ്ഥലത്തെത്തിയത്.