പണം തിരിമറി:തൊടിയൂർ മുൻപഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ശിക്ഷ കോടതി ശരിവച്ചു

Advertisement

കരുനാഗപ്പള്ളി. 1998 ൽ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽരഹിതരായ വനിതകൾക്ക് വിതരണം ചെയ്യുന്നതിന് 70 തയ്യൽ മെഷീനുകൾ വാങ്ങിയ ഇടപാടിൽ 56503 രൂപ തിരിമറി നടത്തിയ കേസിൽ പ്രതികളായ അന്നത്തെ കോൺഗ്രസ്സ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടിയൂർ വസന്തകുമാരി, സെക്രട്ടറി ചിറയിൻകീഴ് മഞ്ചാടിമൂട് സ്വദേശി എസ് വിജയൻ എന്നിവരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.
പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുക്കാതെയും, പത്രപരസ്യം നൽകി മൽസര ടെണ്ടർ ക്ഷണിക്കാതെയും, പ്രതികൾ ഗൂഢാലോചന നടത്തി 199500 രൂപ തയ്യൽ മെഷീനുകൾ വാങ്ങുന്നതിന് ട്രഷറിയിൽ നിന്ന് മാറിയെടുത്ത് മെഷീൻ സപ്ലൈ ചെയ്ത സിംഗർ കമ്പനിക്ക് 1,32,997 രൂപ നൽകിയശേഷം ബാക്കി തുകയായ 56,503 രൂപ തിരിമറി നടത്തിയതായി തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി കണ്ടെത്തിയിരുന്നു. ഔദ്യോഗിക കൃത്യവിലോപത്തിനും, കണക്കിൽ കൃത്രിമം കാണിച്ചതിനും, കുറ്റകരമായ ഗൂഢാലോചന നടത്തിയതിനും ഒരു വർഷം വീതം കഠിന തടവും, പതിനായിരം രൂപ വീതം പിഴയും, പിഴ ഒടുക്കാത്ത പക്ഷം മൂന്നുമാസം കൂടി കഠിന തടവും വിധിച്ച സ്പെഷ്യൽ കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് ശിക്ഷ ശരിവച്ചത്.
കേരള പഞ്ചായത്തീരാജ് 182 വകുപ്പ് പ്രകാരം പഞ്ചായത്ത് ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം സെക്രട്ടറിക്കാണെന്നുള്ള പ്രസിഡന്റിന്റെ വാദവും, മറിച്ച് 156 വകുപ്പ് പ്രകാരം ഫണ്ടിന്റെ ഉത്തരവാദിത്വം പ്രസിഡന്റിന് ആണെന്നുമുള്ള സെക്രട്ടറിയുടെ വാദവും കോടതി നിരാകരിച്ചു. പഞ്ചായത്ത് ഫണ്ട് വിനിയോഗം ചെയ്യുന്നതിൽ പ്രസിഡന്റിനും സെക്രട്ടറിക്കും കൂട്ട് ഉത്തരവാദിത്തം ആണ് ഉള്ളത് എന്ന് കോടതി വിലയിരുത്തി.
വിജിലൻസിനു വേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ എ രാജേഷ്, സീനിയർ ഗവ.പ്ലീഡർ എസ് രേഖ എന്നിവർ ഹാജരായി.