അങ്കത്തിന് കച്ചമുറുക്കി മുന്നണികള്‍ ; പുതുപ്പള്ളിയിൽ പോരാട്ടം തീപാറും

Advertisement

സ്റ്റീഫന്‍

കോട്ടയം. പതിവിന് വിപരീതമായി കോണ്‍ഗ്രസാണ് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്, ഉമ്മന്‍ചാണ്ടിയുടെ അകാല വേര്‍പാടില്‍ സ്വാഭാവികമായും അദ്ദേഹത്തിന്‍റെ കുടുംബത്തിലേക്കാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ഥിത്വമെത്തിയത്.മകന്‍ ചാണ്ടി ഉമ്മനാണ് പിതാവിനുപിന്നാലെ കളത്തിലിറങ്ങുക

ഡെൽഹി സർവ്വകലാശാലയുടെ കീഴിലുള്ള സെൻ്റസ്റ്റീഫൻസ് കോളജിൽ നിന്ന് ബി എ ഹിസ്റ്ററി യിൽ ഓണേഴ്സ് ബിരുദവും എം എ യിൽ ബിരുദാനന്തര ബിരുദവും നേടി.ഡെൽഹി സർവ്വകലാശാലയിൽ നിന്ന് എൽ എൽ ബി നേടിയ ശേഷം ക്രിമിനോളജിയിൽ എൽ എൽ എo കരസ്ഥമാക്കി.തുടർന്ന് ബംഗ്ലൂരു യൂണിവേഴ്സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റ്യൂഷണൽ ലോയിലും എൽ എൽ എം നേടി. 2006-2007 വർഷത്തിൽ സെൻ്റസ്റ്റീഫൻസ് കോളജ് യൂണിയൻ പ്രസിഡൻ്റായി.
2013 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി.
2022-ൽ യൂത്ത് കോൺഗ്രന് ഔട്ട് റിച്ച് സെൽ ദേശീയ ചെയർമാനായും
കെ പി സി സി അംഗമായും ചുമതല നിർവ്വഹിച്ചു പോരുന്നു. 2016 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകനായും ചാണ്ടി ഉമ്മൻ പ്രവർത്തിക്കുന്നു. പിതാവിന്‍റെ പക്വമായ പെരുമാറ്റശൈലി തുടരുന്ന ചാണ്ടി ഉമ്മന്‍

നിയമസഭാ മത്സരത്തിൽ കന്നിക്കാരനെങ്കിലും മണ്ഡലത്തിൽ ഒരാമുഖത്തിൻ്റെ ആവശ്യം ഇല്ലാത്ത സ്ഥാനാർത്ഥിയാണ്.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഉണ്ടായ തരംഗം അടങ്ങുംമുമ്പ് എത്തിയ തിരഞ്ഞെടുപ്പ് ആദ്യം ഒരങ്കലാപ്പുണ്ടാക്കിയെങ്കിലും സ്ഥാനാര്‍ഥിയെ സംബന്ധിച്ച കണ്‍ഫ്യൂഷന്‍ ഏറെ നീട്ടാതെ ഇടതുപക്ഷം സ്ഥാ നാര്‍ഥിയായി ജേയ്ക്ക് സി തോമസിനെ കളത്തിലിറക്കി. സഹതാപമല്ല വികസനം മുഖ്യ ചർച്ചയാക്കി കളം നിറയാനാണ് ഇടതു തീരുമാനം

പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിന് കച്ചമുറുക്കുകയാണ് ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി.തോമസ്.രണ്ടാം മത്സരത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതിന്‍റെ നേട്ടം ഇക്കുറി കൂടുതല്‍ അനുകൂലമാകുമെന്ന കണക്ക് കൂട്ടലാണ് ജെയ്ക്കിലേക്ക് സ്ഥാനാർത്ഥിത്വം എത്തിയതിലൂടെ പാർട്ടി നൽകുന്ന സൂചന. പരിചയപ്പെടുത്തലിന് ആമുഖം ആവശ്യമില്ലാത്ത ഒരു സ്ഥാനാർത്ഥി എന്ന പ്രത്യേകതയും പാർട്ടി പരിഗണിച്ചു. യുവജനങ്ങൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും പാർട്ടി നൽകുന്ന പരിഗണനയായും സ്ഥാനാർഥിത്വം ചർച്ചയാകും. പൊതുവേദികളിലും ചാനലുകളിലെ അന്തി ചർച്ചകളിലും എതിരാളികൾക്കു നേരെ പാർട്ടി എടുത്ത് ഉപയോഗിക്കുന്ന മൂർച്ചയേറിയ ആയുധം കൂടിയാണ് ജെയ്ക്ക് എന്ന പ്രത്യേകതയും ഉണ്ട്. മണ്ഡലത്തിലെ അംഗമെന്ന പ്രത്യേകതയും ജെയ്ക്കിന് അനുകൂല ഘടകമായി.

2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജെയ്ക്ക് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ജെയ്ക്കിന് ശക്തമായ മത്സരം കാഴ്ചവയ്ക്കാനായി.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും  കോട്ടയം സിഎംഎസ് കോളജിൽ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ ബിരുദവും നേടിയിട്ടുണ്ട്.

ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ ജി. ലിജിന്‍ ലാല്‍ ആണ് പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.അല്‍പം നീണ്ട തര്‍ക്കത്തിനൊടുവില്‍ ബിജെപി ദേശീയ നേതൃത്വമാണ് പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ അധ്യക്ഷനാണ് ലിജിന്‍ലാല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മത്സരിച്ചിരുന്നു. മണ്ഡലത്തില്‍ 12,000 വോട്ടുകള്‍ നേടി മികച്ച പോരാട്ടം കാഴ്ചവച്ചു.  

കുറിച്ചിത്താനം സ്വദേശിയായ ലിജിന്‍, മാസ്റ്റര്‍ ഓഫ് ഇന്റര്‍നാഷനല്‍ ബിസിനസ് ബിരുദാനന്തര ബിരുദധാരിയാണ്. ഷിപ്പിങ് ലോജിസ്റ്റിക്‌സില്‍ ജോലി ചെയ്തിരുന്നു. യുവമോര്‍ച്ച ഭാരവാഹിയായതോടെ ജോലി രാജിവച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു. 2014 മുതല്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.

കേന്ദ്രഭരണം വികസനനയം ചര്‍ച്ചയാക്കി പരമാവധി മുന്നേറാനാണ് എന്‍ഡിഎ തീരുമാനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള പരീക്ഷണങ്ങള്‍ ഇവിടെ ബിജെപി നടത്തുമെന്ന് ഉറപ്പാണ്.

യുവത്വങ്ങൾ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സെപ്റ്റംബർ 5നാണ് . സെപ്റ്റബർ 8ന് ഫലപ്രഖ്യാപനമുണ്ടാകും. 

Advertisement