തിരുവനന്തപുരം: കരസേനയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പൊൻമുടിയിൽ സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കരസേനയിലെ ഒരു സംഘം പൊൻമുടി കുന്നിൽ സ്വാതന്ത്ര്യദിനം ആഘോഷമാക്കുകയായിരുന്നു. സംഘം കാൽ നടയാത്രയായി മലമുകളിലെത്തി ദേശീയ പതാക ഉയർത്തി പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ സ്‌കൂളുകൾ സന്ദർശിക്കുകയും കരസേനയിലെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു.
അഗ്നിപഥിനെ കുറിച്ചുള്ള ലഘുലേഖകളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം വിവിധ കോട്ടകളിലും കുന്നിൻ മുകളിലും സൈന്യം ദേശീയ പതാക ഉയർത്തി. അതേസമയം, തിരുവനന്തപുരത്ത്
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍ സി സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടന്നു. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.
വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെയും പോരാട്ടങ്ങളെയും അനുസ്മരിച്ച മുഖ്യമന്ത്രി രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് ഓർമിപ്പിച്ചു.