പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക പ്രശ്നങ്ങള്‍ക്കുമെതിരേ രാപകല്‍ പടവെട്ടിയ ഒരു മനുഷ്യന്‍റെ ജീവിത സായാഹ്നം ഇത്ര ദുരിതത്തിലാക്കിയതാര് …സമരത്തിന്‍റെ ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന 16മുതല്‍ ബാബുജി നിരാഹാര സമരത്തിലേക്ക്
കോട്ടയം. പരിസ്ഥിതി പ്രവര്‍ത്തനത്തിനും സാന്ത്വനചികില്‍സയ്ക്കും ജനകീയ പ്രശ്‌നങ്ങള്‍ക്കും ജീവിതം ഉഴിഞ്ഞുവച്ച ബാബുജി ഒരു വര്‍ഷമായി സ്വന്തം മണ്ണിനായി നടത്തുന്ന സമരം നിരാഹാരസമരത്തിലേക്ക്. കോട്ടയം കാടമുറിയില്‍ നമ്മള്‍ കുടുംബവീട് എന്ന സ്വന്തം സ്ഥാപനത്തില്‍നിന്നും ഇദ്ദേഹത്തെയും ഭാര്യയെയും പുറത്താക്കിയത് ഒരു വര്‍ഷംമുമ്പാണ്.
ഫെഡറല്‍ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന എസ് ബാബുജി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും കേരളത്തിലുടനീളമുള്ള പരിസ്ഥിതി വിഷയങ്ങളില്‍ നേരിട്ട് ബന്ധപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു. ശാസ്താംകോട്ട തടാക സംരക്ഷണ ത്തിനായി നിരാഹാര സമരം നടത്തി അധികൃതരെ കൊണ്ട് നടപടി സ്വീകരിപ്പിച്ചിട്ടുണ്ട്. കറയില്ലാത്ത വ്യക്തിത്വത്തിനുടമയായ ഇദ്ദേഹം പ്രായാധിക്യമുള്ള രോഗങ്ങള്‍അലട്ടുന്ന വയോധികരെ സംരക്ഷിക്കുന്നതിന് ഉദ്ദേശിച്ച് സ്വന്തം സമ്പാദ്യം മുഴുവന്‍ ചിലവിട്ടുനിര്‍മ്മിച്ചതാണ് കാടമുറിയിലെ നമ്മള്‍ കുടുംബവീട്. അതിലൊരു മുറിയില്‍ ബാബുജിയും ഭാര്യ വിജയവും താമസിക്കുകയും സ്ഥാപനം പ്രവര്‍ത്തിപ്പിക്കുകയും ചെയ്തുവന്നു.
എന്നാല്‍ കടബാധ്യതകള്‍ പെരുകിയതോടെ ഇതിലൊരുഭാഗം ഇതുപോലെ പൊതുപ്രവര്‍ത്തനത്തില്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വന്നു പരിചയപ്പെട്ട ആഞ്ജനേയ ഉണ്ണികൃഷ്ണന്‍ എന്ന ഒരാള്‍ക്ക് ചികില്‍സക്ക് നല്‍കിയിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സ്ഥാപനം വിട്ടുനല്‍കാതിരുന്ന ഈ സംഘം ബാബുജിയുടെ മുറിയും വിലപ്പെട്ടവസ്തുക്കളുമടക്കം കയ്യേറി അദ്ദേഹത്തെയും ഭാര്യയേയും പുറത്താക്കിയതായാണ് പരാതി. ഇത് കേസും തര്‍ക്കവുമായി നീങ്ങിയപ്പോള്‍ ഇദ്ദേഹം പ്രശ്‌നപരിഹാരത്തിനായി സമീപിക്കാത്ത അധികൃതരില്ല. ഭരണതലത്തിലെ ചിലരുടെ പിന്‍ബലത്തിലാണ് ബാബുജിയോടുള്ള അന്യായം തുടരുന്നത്. ബാബുജിയും ഭാര്യ വിജയവും ഒരു വര്‍ഷമായി അതിന് ചേര്‍ന്ന് സമരവുമായി കഴിയുകയാണ് ഏറെ നാള്‍ പൊരിവെയിലിലും മഴയിലുമായി കഴിഞ്ഞശേഷം സമരസഹായ സമിതി കെട്ടിക്കൊടുത്ത ഷെഡും മുറിയുമാണ് ഇപ്പോഴുള്ളത്.
വയോധികനും നാടിന്റെ നന്മക്കായി അഹോരാത്രം പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഒരു മനുഷ്യനുമേലുള്ള അന്യായം പരിഷ്‌കൃത സമൂഹത്തെ പരിഹസിക്കുന്നതാണ്. തന്റെ പരാതികളും സമരവും അനിശ്ചിതമായി നീളുന്നതില്‍പ്രതിഷേധിച്ച് നടപടി ആവശ്യപ്പെട്ട് ബാബുജി 16മുതല്‍ നിരാഹാര സമരമാരംഭിക്കുകയാണ്. ഒരു വര്‍ഷമാണ് സ്വാഭാവികമായി വരുന്ന നീതിതേടി താന്‍കാത്തതെന്നും ഇനി മരണംവരെ സമരമാണ് ലക്ഷ്യമെന്നും ബാബുജി പറയുന്നു.