മെഡിക്കൽ കോളജ് ഐ സി യു പീഡനക്കേസിലെ അതിജീവിത ഇന്ന് ആരോഗ്യമന്ത്രിയെ കാണും, കത്രിക കുടുങ്ങിയ കേസില്‍ ഹര്‍ഷിന ഇന്ന് സെക്രട്ടറിയറ്റു പടിക്കല്‍ സമരം നടത്തും

Advertisement

തിരുവനന്തപുരം.കോഴിക്കോട് മെഡിക്കൽ കോളജ് ഐ സി യു പീഡനക്കേസിലെ അതിജീവിത ഇന്ന് തിരുവനന്തപുരത്തെത്തി ആരോഗ്യമന്ത്രിയെയും ഡിഎംഇയെയും കാണും . അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും , നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ആരോഗ്യമന്ത്രിയെ കാണുന്നത്.
മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി തെളിവെടുത്ത ശേഷം മൊഴിരേഖപ്പെടുത്താൻ ജീവനക്കാരെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കു വിളിപ്പിച്ചിരുന്നു.

കേസ് ഒതുക്കിത്തീർക്കുന്നതിനും ആരോപണ വിധേയരെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുപ്പ് നടത്തുന്നതെന്ന് അതിജീവിത ആരോപിക്കുന്നു. ആരോഗ്യ മന്ത്രിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് മുന്നിൽ സത്യാഗ്രഹം ആരംഭിക്കുമെന്ന് അതിജീവിത വ്യക്തമാക്കി.

അതേസമയം ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ പരാതിക്കാരിയായ ഹർഷിന ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ധർണ സമരം നടത്തും. മാത്യു കുഴൽനാടൻ എംഎൽഎ രാവിലെ 10 മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് ഹർഷിനയുടെ നിലപാട്. മൂന്നുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിനു മുന്നിൽ ഹർഷിന സമരം നടത്തി വരികയാണ്. മെഡിക്കൽ ബോർഡ് റിപ്പോർട്ട് തിരുത്തുക, വീഴ്ച വരുത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ ഉറപ്പാക്കുക, അർഹതപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Advertisement