തിരുവനന്തപുരം.സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും ലോഡ് ഷെഡിംഗ് ഉടൻ ഉണ്ടാകില്ലെന്ന് സൂചന. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി വിളിച്ച ഉദ്യോഗസ്ഥ തലയോഗം വൈകിട്ട് നാലിന് നടക്കും
വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറുകൾ റദ്ദാക്കിയതും മഴ കുറഞ്ഞതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയത്. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ഉണ്ടാക്കിയ 469 മെഗാ വാട്ടിന്റെ ദീർഘകാല കരാറുകൾ ആണ് സാങ്കേതികത്വത്തിന്റെ പേരിൽ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്.
കരാർ റദ്ദായതോടെ വൈദ്യുതി ക്ഷാമം രൂക്ഷമായി. ഇതിനു പുറമേയാണ് മഴ ലഭിക്കാതായതോടെ ജല സംഭരണികളിലെ ജലനിരപ്പ് താഴ്ന്നത് നിലവിൽ 37 ശതമാനം ജലം മാത്രമാണ് ബോർഡിൻറെ സംഭരണികളില്‍ ഉള്ളത്. വേനൽക്കാലത്ത് നടത്തുന്ന അതേ അളവിൽ ജലവൈദ്യുതി ഉല്പാദിപ്പിച്ചാണ് പ്രതിസന്ധി മറികടക്കാൻ നീക്കം നടത്തുന്നത്. ഇത് സംഭരണികളിൽ വീണ്ടും ജലനിരപ്പ് താഴാനിടയാകും. ഇതിന് പരിഹാരമായാണ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ബോർഡ് ആലോചിക്കുന്നത്. ഇതിനായി ഹ്രസ്വകാല കരാറുകൾ ഉണ്ടാക്കും. ഇതിലൂടെ ജലവൈദ്യുതി ഉത്പാദനം കുറയ്ക്കാമെന്നും ബോർഡ് വിലയിരുത്തുന്നു. എന്നാൽ ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം സർചാർജായും നിരക്ക് വർധനയായും ഉപയോക്താക്കളിലേക്ക് വന്നുചേരാതെ തരമില്ല.