വെള്ളച്ചാട്ടത്തിൽ എത്തിയ യുവതികളോട് മോശമായി പെരുമാറിയ പൊലീസുകാർക്ക് സസ്പെൻഷൻ

Advertisement

മൂവാറ്റുപുഴ: പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ 2 സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. റൂറൽ എസ്പി വിവേക് കുമാറാണ് ഇരുവരെയും അന്വേഷണവിധേയമായി ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.

മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പരീത്, ബൈജു എന്നിവരെയാണു സസ്‌പെൻഡ് ചെയ്തത്. ഇവരെ ഇന്നലെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരീതിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ബൈജുവിനെ വിട്ടയച്ചു.
പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അവധി ദിനമായതിനാൽ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരക്കുണ്ടായിരുന്നു.

വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തു നിന്നിരുന്ന യുവതികൾ ഉൾപ്പെടുന്ന സംഘത്തോടു മഫ്തിയിലായിരുന്ന ഇരുവരും കയർക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ അപമര്യാദയായി പെരുമാറിയതെന്നാണു വിവരം. യുവതികൾ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയും ആരംഭിച്ചു. നാട്ടുകാർ വളഞ്ഞുവച്ച ഇവരെ സ്ഥലത്ത് എത്തിയ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.

Advertisement