തിരുവനന്തപുരം.നികുതിവെട്ടിപ്പ് നടത്തിയെന്ന സി.പി. എം ആരോപണത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ എം.എൽ.എ. സ്ഥാപനവുമായി ബന്ധപ്പെട്ട നികുതി വിവരങ്ങൾ മാത്യു കുഴൽനാടൻ പുറത്തുവിട്ടു. ചിന്നക്കനാൽ ഭൂമി വാങ്ങിയത് സർക്കാരിൻ്റെ ന്യായവിലയെക്കാൾ കൂടിയ തുകയ്ക്കെന്നും വാദം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ സ്ഥാപനത്തിൻ്റെ കണക്കുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും വെല്ലുവിളി. അതേസമയം മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ നീക്കം.
2014 മുതൽ സ്ഥാപനവുമായി ബന്ധപ്പെട്ട നികുതിയടച്ചതിന്റെ രേഖകൾ പുറത്തുവിട്ടുകൊണ്ടായിരുന്നു മാത്യു കുഴൽനാടൻ്റെ പ്രതിരോധം. രണ്ടുകോടി 18 ലക്ഷത്തിലധികം രൂപ സ്ഥാപനത്തിനായി നികുതിയടച്ചു. സിപിഎമ്മിന് പ്രത്യേകം അന്വേഷണ കമ്മീഷൻ നിയോഗിച്ചു വേണമെങ്കിലും തൻറെ സ്ഥാപനങ്ങളുടെ എല്ലാ വിവരങ്ങളും പരിശോധിക്കാം. അതുപോലെ ഒരു പരിശോധനയ്ക്ക് വീണാ വിജയൻറെ സ്ഥാപനം തയ്യാറുണ്ടോ എന്നും വെല്ലുവിളി.
ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണത്തിന് ന്യായവില കാണിച്ച് മറുപടി. സർക്കാർ രേഖകളിൽ 60 ലക്ഷത്തിൽ താഴെയാണ് ന്യായവില. താൻ ഭൂമി വാങ്ങിയത് ഒരു കോടി 10 ലക്ഷത്തിനെന്നും മാത്യു കുഴൽ നാടൻ എം.എൽ.എ വ്യക്തമാക്കി.
ചിന്നക്കനാലിൽ നിലവിൽ കെട്ടിടം ഉള്ളത് മറച്ചുവെച്ച് പുതിയ കെട്ടിടം പണിയാൻ അനുമതി അപേക്ഷ നൽകിയെന്ന, ആരോപണത്തിന് പക്ഷേ വ്യക്തമായ മറുപടിയില്ല.