മേടക്കൂറ് ( അശ്വതി, ഭരണി, കാർത്തിക 1/4)
പൊതുവേ ഗുണദോഷ സമ്മിശ്രമായ ഒരു വർഷമായിരിക്കും ഇത്. സാമ്പത്തിക നില ഭദ്രമായി തുടരും. സ്വന്തമായി ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സാധ്യത കാണുന്നു. വർഷത്തിന്റെ അവസാന പാദം കൂടുതൽ ഗുണകരമാകും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വിദേശ യാത്രകൾ, തൊഴിലിൽ നേട്ടം, തീർത്ഥാടനം എന്നിവ സഫലമാകുന്നതാണ്. വൃശ്ചിക മാസം മുതൽ നല്ല ഫലങ്ങൾക്ക് മുൻതൂക്കം പ്രതീക്ഷിക്കാം.വസ്തുവ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ലാഭം അധികരിക്കും. സർക്കാർ / ബാങ്ക് ഇവയിലൂടെ ലഭിക്കുന്ന വായ്പ, ചിട്ടി മുതലായവ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ സന്ദർഭമുണ്ടാകും. പൂർവ്വസുഹൃത്തുക്കളെ കാണാനാവും. ചിലർക്ക് വീട്ടിൽ നിന്നും / നാട്ടിൽ നിന്നും മാറിത്താമസിക്കേണ്ടതായി വരാം. ദാമ്പത്യ ജീവിതത്തിലെ അലോസരങ്ങൾക്ക് രമ്യമായ തീർപ്പുണ്ടാവും. വാതരോഗം വിഷമിപ്പിച്ചേക്കാം.
ഇടവക്കൂറ് ( കാർത്തിക3/4, രോഹിണി, മകയിരം1/2)
കർമ്മരംഗത്തെ തടസ്സങ്ങളും ക്ലേശങ്ങളും തുടരുന്നതാണ്. ആരോഗ്യപരമായ വിഷമങ്ങൾ കൂടുക, കുറയുക എന്നിങ്ങനെ ആവർത്തിക്കാം. വർഷാരംഭത്തിൽ മനപ്രയാസവും കാര്യവിഘ്നവും തുടർന്നേക്കും. എന്നാൽ വൃശ്ചികമാസം മുതൽ കാര്യങ്ങൾക്ക് മാറ്റം വരാം. തീർത്ഥയാത്ര നടത്താൻ സാധിക്കും.ചിലവുകൾ അമിതമായി തുടരും. വ്യാപാരത്തിൽ ചില നഷ്ടങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. വിദേശത്ത് ഉദ്യോഗത്തിന് പരിശ്രമിക്കുന്നവർക്ക് അത് ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകാം.കോടതി കാര്യങ്ങൾ അനുകൂലമായ തീരുമാനം ഉണ്ടാകും. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. ആരോഗ്യം നന്നായി ശ്രദ്ധിക്കണം.വ്യാപാരത്തിൽ വലിയ മുതൽ മുടക്കുകൾക്ക് തുനിയരുത്. ചെറിയസംരംഭങ്ങൾ ഒരുവിധം നടന്നുപോകുന്നതാണ്. കരാറുപണികൾ പുതുക്കിക്കിട്ടിയേക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം എളുപ്പമാവില്ല. സ്ഥലംമാറ്റം പോലുള്ളവയ്ക്ക് സാധ്യതയുണ്ടുതാനും.പ്രണയബന്ധം ദുർബലമാവാം. അവിവാഹിതരുടെ വിവാഹകാര്യം നീളാൻ സാധ്യത കാണുന്നു. ചെറുവായ്പകൾ കൊണ്ട് അത്യാവശ്യങ്ങൾ നിറവേറ്റാനാവും. അന്യനാട്ടിൽ തൊഴിൽ നേടാൻ വൃശ്ചിക മാസം മുതൽ അവസരമൊരുങ്ങും. രാഹുവിന്റെ ദശാപഹാരങ്ങൾ നടക്കുന്നവർക്ക് നല്ലമാറ്റം വന്നുചേരും.
മിഥുനക്കൂറ് ( മകയിരം1/2, തിരുവാതിര, പുണർതം3/4)
1199 ക്ഷേമവും ഐശ്വര്യവും നിറയുന്ന വർഷമാണ്.വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു വർഷമാണിത്. ദീർഘകാലമായി പരിശ്രമിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. പ്രവർത്തന രംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റത്തിലും ശമ്പള വർധനവിനും സാധ്യതയുണ്ട്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കാം. പൂർവികസ്വത്ത് കൈവശം വന്നുചേരും .നിക്ഷേപങ്ങളിൽ നിന്നും വരവ് കൂടും. അഭിമുഖങ്ങളിൽ വിജയിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായം ഭവിക്കുന്നതാണ്. ആശയവിനിമയത്തിൽ വലിയ കഴിവു നേടും. കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടാവുന്നതാണ്. രാഷ്ട്രീയ മത്സരങ്ങളിൽ വിജയിക്കുവാനാവും.ചെറുപ്പക്കാരുടെ വിവാഹതടസ്സം നീങ്ങാം. കിടപ്പു രോഗികൾക്ക് ആശ്വാസ കാലമാണ്. ഗൃഹനിർമ്മാണം ഏതാണ്ട് മുഴുമിപ്പിക്കാൻ കഴിഞ്ഞേക്കും. വൃശ്ചികമാസം മുതൽ വ്യാപാരത്തിൽ കൂടുതൽ ജാഗ്രത കാട്ടണം.വർഷത്തിന്റെ അവസാനഭാഗം ചെലവുകൾ വർധിക്കും.
കർക്കടകക്കൂറ് (പുണർതം1/4, പൂയം, ആയില്യം)
പ്രവർത്തന രംഗത്ത് ബുദ്ധിമുട്ടുകൾ തുടരുന്ന വർഷമാണിത്. ക്ഷമയും സഹിഷ്ണതയും കൂടുതൽ ആവശ്യമുണ്ട്. ലക്ഷ്യം നേടാൻ നിരന്തരമായ അധ്വാനം വേണ്ടി വരും. സുലഭം എന്ന് കരുതിയവ ദുർലഭമായേക്കാം.പുതിയ വീട് സ്വന്തമാക്കാൻ കഴിയും.സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകും. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. വാഹന അപകടങ്ങൾക്ക് സാധ്യത കാണുന്നു.പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.വർഷാവസാനം പല നേട്ടങ്ങളുംപ്രതീക്ഷിക്കാം.പ്രതീക്ഷിച്ച നിയമനം ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരാം. ഉദ്യോഗസ്ഥർ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ചയുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തികമായ വലിയ മുതൽ മുടക്കുകൾക്ക് കാലം ഉചിതമല്ല. ന്യായമായ ആവശ്യങ്ങൾ നടന്നു പോകും. .
ചിങ്ങക്കൂറ്(മകം, പൂരം, ഉത്രം1/4)
ഈശ്വരാധീനം വളരെയധികമുള്ള കാലമാണിത്. ഭാഗ്യം കടാക്ഷിക്കുന്ന വർഷമാണിത്.ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും സാധിക്കും. ആസൂത്രണ മികവോടെ നവ സംരംഭങ്ങളിൽ ഏർപ്പെടും. നവമാധ്യമങ്ങളിൽ നിന്നും വരുമാനമുണ്ടാകാം. ആശയപരമായി ഐക്യമുള്ളവരുടെ കൂട്ടായ്മക്ക് രൂപം കൊടുക്കുവാൻ സാധിക്കും. ഭാഗ്യം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും. ധനസ്ഥിതി തൃപ്തികരമായി തുടരും. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാൻ സാധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. വർഷാവസാനം തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാനിടയുണ്ട്. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിദേശത്തു പോകാൻ ശ്രമം നടത്തുന്നവർക്ക് അതിനവസരം ലഭിച്ചേക്കും. ഭാവിയിൽ പ്രയോജനപ്പെടുന്ന കാര്യങ്ങൾക്കായി ചില ഉദ്യമങ്ങൾ നടത്തും.
കന്നിക്കൂറ്(ഉത്രം, അത്തം, ചിത്തിര 1/2)
സാമ്പത്തികമായി വളരെ ഗുണകരമായ ഒരു വർഷമാണിത്.കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത കാണുന്നു. മക്കളുടെ പഠനപൂർത്തീകരണം, വിവാഹം എന്നിവ നടന്നേക്കാം. കടബാധ്യത പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ഒരു പരിധിവരെ വിജയം നേടും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തീകരിക്കാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. വർഷാവസാനം ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾക്ക് ഈ സമയം പ്രയോജനപ്പെടുത്താം. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പുനരാരംഭിക്കാൻസാധിക്കും .പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും.ഉദ്യോഗലബ്ധി പ്രതീക്ഷിക്കാം.ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അദ്ധ്വാനം കൂടും. മിച്ചം വെക്കാനൊന്നുമുണ്ടാവില്ല. അധികാരികൾ വിരോധിച്ചേക്കും. വൃശ്ചികം മുതൽ കാലം അനുകൂലമാവുന്നതാണ്.
തുലാക്കൂറ്(ചിത്തിര 1/2, ചോതി, വിശാഖം3/4): ദൈവാധീനമുള്ള ഒരു വർഷമാണിത്. ചിങ്ങം, ധനു, മീനം, കർക്കടകം എന്നീ മാസങ്ങൾക്ക് ഗുണമേറും. വ്യാപാരത്തിൽ നേട്ടങ്ങൾ വർദ്ധിക്കുന്നതായിരിക്കും. പുതിയ കരാറുകളിൽ ഏർപ്പെടാനാവും. മത്സരങ്ങളിൽ വിജയിക്കും. ആത്മാഭിമാനം ഉയരുന്നതാണ്. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും. അവിവാഹിതരുടെ വിവാഹം നടക്കാനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല കാലമാണ്. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. സഹോദര സഹായം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. വർഷാവസാനം പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്. പൂർവികമായ വസ്തു വില്ക്കുവാനുള്ള ശ്രമം ഫലം കാണുന്നതാണ്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴിൽരംഗത്തെ തന്ത്രപരമായ സമീപനം നല്ല ഫലം സൃഷ്ടിക്കും. നിലവിലെ ഉദ്യോഗം ഉപേക്ഷിച്ച് പുതിയ ഒന്നിന് ശ്രമിക്കുന്നത് ചിലപ്പോൾ ഫലപ്രദമാവണമെന്നില്ല.
കലാകാരന്മാരുടെ കഴിവുകൾ അംഗീകരിക്കപ്പെടുന്നതാണ്. വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ബന്ധുക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചേക്കില്ല. ധാരാളം യാത്രകൾ ആവശ്യമായിവരും. വീട്ടിൽ ചില അസ്വസ്ഥതകൾ ഉണ്ടാവാൻ ഇടയുണ്ട്. ശത്രുക്കൾ കൂടുതൽ ശക്തരാകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. പരീക്ഷയിൽ ഉന്നത വിജയം നേടും. വർഷാവസാനം കൂടുതൽ ഗുണകരമാകും. കുടുംബത്തിൽ ഒരു സന്തതി പിറക്കാനും സാധ്യതയുണ്ട്. ഭൂമി വാങ്ങാൻ കഴിയും. അവിവാഹിതരുടെ വിവാഹം നടക്കും.ലക്ഷ്യം നേടാൻ ഏകാഗ്രമായ പഠനം, നിരന്തരമായ അദ്ധ്വാനം എന്നിവ വേണ്ടിവരും. പ്രവർത്തനങ്ങളുടെ മികവ് ഉടനെയല്ലെങ്കിലും, ക്രമേണ അംഗീകരിക്കപ്പെടും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4):
ഗ്രഹങ്ങളുടെ ശുഭസ്ഥാനസ്ഥിതി സൃഷ്ടിക്കുന്ന അനുകൂലത ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതിഫലിക്കുന്നതാണ്. കഴിവുകൾ എത്ര ചെറുതായിരുന്നാലും അത് പുറംലോകമറിയും. അതിന് അംഗീകാരമുണ്ടാവുകയും ചെയ്യും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി പ്രതീക്ഷിക്കാം.
പുതിയ ദൗത്യങ്ങളിൽ വിജയിക്കാനാവും.സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി നേടാനാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. . വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. വീട് പുതുക്കി പണിയും.വസ്തുവിന്റെ ക്രയവിക്രയത്തിൽ ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യം സ്വച്ഛന്ദമാകും. സന്താനങ്ങൾക്ക് ശ്രേയസ്സ് വന്നുചേരും.വർഷത്തിന്റെ അവസാനം പലകാര്യങ്ങളും മന്ദഗതിയിലാവും.തുലാം, ധനു, മിഥുനം, കർക്കടകം എന്നീ മാസങ്ങളിൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.
മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും .പുതിയ തൊഴിൽ ലഭിക്കും. ജീവിത സാഹചര്യം മെച്ചപ്പെടുന്നതാണ്. സാമ്പത്തിക ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹൃതമാവും. വീടുപണി പൂർത്തിയായേക്കും.വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുന്നതാണ്. തടസ്സപ്പെട്ട പഠനം പുനരാരംഭിക്കുവാൻ സാധിച്ചേക്കും. കുറ്റാരോപണങ്ങളെ സമർത്ഥമായി മറികടക്കാനാവും. മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും.അവിവാഹിതർക്ക് വർഷത്തിന്റെ രണ്ടാം പകുതിക്കുശേഷം വിവാഹ സാധ്യത കാണുന്നു. പിണങ്ങിക്കഴിയുന്ന കുടുംബബന്ധങ്ങൾ വീണ്ടും ഇണങ്ങിച്ചേരുന്നതാണ്. . കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നില നിൽക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അലസരാവാൻ ഇടയുണ്ട്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. തീർത്ഥയാത്രയിൽ പങ്കെടുക്കും. വർഷത്തിന്റെ അവസാന പാദം കൂടുതൽ ഗുണകരമായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കും.പരിശ്രമശാലികൾക്ക് വിജയശ്രീലാളിതരാവാൻ കഴിയുന്ന വർഷമാണിത്.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം , പൂരുരുട്ടാതി3/4)
കഴിഞ്ഞവർഷത്തേക്കാൾ പലതുകൊണ്ടും മികച്ച വർഷമായിരിക്കും ഇത്. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാനാവും. സ്വകാര്യമേഖലയിൽ ജോലിസാധ്യത/പദവിയിൽ ഉയർച്ച പ്രതീക്ഷിക്കാം. മാർഗതടസ്സങ്ങൾ വിഷമിപ്പിക്കുമെങ്കിലും ദൃഢപരിശ്രമത്തിലൂടെ അവയെ മറികടക്കും. സാങ്കേതിക വിഷയങ്ങളിൽ ഉപരിപഠനം നടത്താനാവും.പങ്കാളികൾ തമ്മിലുള്ള തർക്കങ്ങൾ ലഭ്യമായിപരിഹരിക്കും. ആ രോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. പല കാര്യങ്ങളും നടക്കാൻ പലപ്രാവശ്യം ശ്രമിക്കേണ്ടതായി വരാം. വർഷത്തിന്റെ അവസാന പാദം മികച്ചതാകും.വൃശ്ചികമാസം മുതൽ വസ്തുക്കളിൽ നിന്നും ആദായം ലഭിച്ചുതുടങ്ങും. വാഹനം സ്വന്തമാക്കാൻ അഭിലഷിക്കുന്നവർക്ക് അതിനവസരം ലഭിക്കാം. സാമ്പത്തിക പുരോഗതി നേടും. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാനാവും. വിവാഹാർത്ഥികൾക്ക് നല്ല സമയമാണ്.
മീനക്കൂറ്(പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി ഈ വർഷം വളരെ ഗുണകരമാണ്. ദൈവാധീനമുള്ള കാലമാണ്.തടസ്സങ്ങളെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ പുരോഗതി നേടും. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കും.പഴയകാല സുഹൃത്തുക്കളെ കാണാനായേക്കും. സുഹൃദ് സംഗമങ്ങൾക്ക് മുൻകൈയ്യെടുക്കും. പ്രണയവിവാഹത്തിന് സാധ്യതയുണ്ട്. ജീവിതപങ്കാളിക്ക് വിലകൂടിയ പാരിതോഷികങ്ങൾ സമ്മാനിക്കും. വർഷത്തിന്റെ അവസാന പാദം അത്ര നന്നല്ല.മനസ്സാന്നിദ്ധ്യം കൊണ്ടും പ്രത്യുല്പന്നമതിത്വം കൊണ്ടും ദുരിതങ്ങളെ മറികടക്കും. അനുഭവജ്ഞാനമുള്ള മേഖലകളിൽ പണം മുടക്കാനും സംരംഭങ്ങൾ തുടങ്ങാനും ശ്രദ്ധ വേണം. സംഘടനകളുടെ സാരഥ്യം വഹിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതായി കുടുംബാംഗങ്ങളിൽ നിന്നും പഴി കേൾക്കുന്നതാണ്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.ചിങ്ങം, ധനു, മകരം, ഇടവം എന്നീ മാസങ്ങൾക്ക് മേന്മയേറും.