കുട്ടനാട്ടിലെയും പാലക്കാട്ടേയും കർഷകർക്കിത്തവണ കണ്ണീരോണം

Advertisement

കുട്ടനാട്ടിലെയും പാലക്കാട്ടേയും കർഷകർക്കിത്തവണ കണ്ണീരോണം… നെൽ കർഷകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകർ കരിദിനം ആചരിക്കും. നെല്ല് സംഭരിച്ച കണക്കിൽ കുട്ടനാട്ടിൽ മാത്രം 11,000 കർഷകർക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്.

നെൽകൃഷി ചെയ്തതുകൊണ്ടു മാത്രം കണ്ണീരു കുടിക്കേണ്ടി കുറെ മനുഷ്യർ.. സ്വർണ്ണം പണയം വെച്ച് പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്തവരുണ്ട് ആ കൂട്ടത്തിൽ, ആധാരം പണയം വെച്ച് ബാങ്ക് വായ്പ എടുത്തവരുമുണ്ട്.. മണ്ണിൽ അധ്വാനിച്ചു നെല്ല് കൊടുത്തിട്ട് 5 മാസമായി കൃഷിഭവനുകളും പാഡി ഓഫീസുകളും ബാങ്കുകളും കയറിയിറങ്ങി നടന്നു മടുത്തവർ.. കടക്കെണിയിലായവർ..

സർക്കാർ സംഘടിപ്പിക്കുന്ന കർഷക ദിനാചരണം ബഹിഷ്കരിച്ച് ഇന്ന് വിവിധ കർഷക സംഘടനകൾ കരിദിനം ആചരിക്കും. കൃഷി ഭവനുകൾക്ക് മുന്നിൽ നെൽകർഷകർ കരിങ്കൊടി ഉയർത്തും. കുട്ടനാട്ടിലെ രാമങ്കരിയിൽ കർഷക സംഗമവും നടത്തും 

പാലക്കാട്ടെ നെൽ കർഷകർ കർഷക ദിനം കരിദിനമായാണ് ആചരിക്കുന്നത്. രണ്ടാം വിള നെല്ല് സംഭരിച്ച് 5 മാസം പിന്നിട്ടിട്ടും സർക്കാർ സംഭരണ വില നല്കാത്തതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. സർക്കാറിനെ കൂടാതെ പ്രകൃതിയും ചതിച്ചതോടെ സമാനതകൾ ഇല്ലാത്ത ദുരിതമാണ് കർഷകർ അനുഭവിക്കുന്നത്.

ഏറെ പ്രതീക്ഷകളോടെ മണ്ണിന്റെ മണമറിയാവുന്ന കർഷകർ,പതിവിലും ആവേശത്തിൽ കണ്ടങ്ങളിൽ ആവേശം നിറക്കേണ്ട ദിവസമാണ്…പാലക്കാട്ടെ കർഷകർ ഇതുവരെ ഇത്തരം പ്രതിസന്ധി അനുഭവിച്ചിട്ടില്ല ..സംഭരണ തുകയിലെ അവ്യക്തത അപ്പാടെ നിലനിൽക്കുന്നതിനൊപ്പം കർക്കിടത്തിൽ മഴ തീരെ ലഭിക്കാത്തതും കർഷകർക്ക് കനത്ത തിരിച്ചടിയായി. വയലുകളിൽ പലയിടത്തും വെള്ളമില്ലാതെ നെൽ ചെടികൾ ഉണങ്ങി തുടങ്ങിയിട്ടുമുണ്ട്

ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ ചിങ്ങത്തിലും മഴ പെയ്തില്ലെങ്കിൽ കർഷകർ വലിയ കടക്കെണിയിലാവും. രണ്ടാം വിള നെല്ലിന്റെ വിലയാണെങ്കിൽ 5 മാസം പിന്നിട്ടിട്ടും സർക്കാർ ഇതുവരെ നല്കിയിട്ടുമില്ല

കർഷക ദിനം കരിദിനമായാണ് ജില്ലയിലെ കർഷകർ ഇന്ന് ആചരിക്കുന്നത്. അതിന് പുറമേ വിവിധ സംഘടനകൾ പലതരത്തിലുള്ള പ്രതിഷേധങ്ങളും ഇന്ന് നടത്തുന്നുണ്ട്

Advertisement