ഓര്‍മ്മകള്‍ ഓളം വെട്ടി,ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു

Advertisement

കോട്ടയം. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദ്യ പത്രിക സമർപ്പിച്ചു പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി വരണാധികാരിക്ക് മുന്നിലെത്തിയത്. ഉമ്മൻചാണ്ടിയെ കണ്ണൂരിൽ വെച്ച് കല്ലെറിഞ്ഞ മുൻ സിപിഎം നേതാവ് സി ഒ ടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടി വെക്കാനുള്ള കാശ് നൽകിയത് എന്നത് ശ്രദ്ധേയമായി

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളാല്‍ ഇടക്കിടെ നിശബ്ദമാകുന്ന ചെറിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തിലാണ്
ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് കതീഡ്രലിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി ചാണ്ടി ആദ്യ പത്രിക സമർപ്പിച്ചു. പ്രാർത്ഥനക്ക് ശേഷം അമ്മയുടെ അനുഗ്രഹവും വാങ്ങി നിറകണ്ണുകളോടെ വരണാധികാരിക്ക് മുന്നിൽ. തന്റെ കൺകണ്ട ദൈവം അപ്പ തന്നെയെന്ന് ചാണ്ടി പറഞ്ഞു

ചാണ്ടിക്ക് ആശീർവാദവുമായി ഇളയ സഹോദരി അച്ചുവും എത്തി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും ചാണ്ടി ഉമ്മനും ഒന്നിച്ചു മത്സരിക്കുന്ന പ്രതീതിയെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.

പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് ചാണ്ടി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.

മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ വച്ച് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ സി ഒ ടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് കെട്ടി വെക്കാനുള്ള കാശ് നൽകിയത്. നേരിട്ടെത്തി കാശു നൽകാനായിരുന്നു തീരുമാനമെങ്കിലും, ആരോഗ്യ പ്രശ്നങ്ങൾ കാരണം അത് ഒഴിവാക്കി. ഒരുമുഖ്യമന്ത്രി പോലും കേരളത്തില്‍ ഇനി തന്‍റെ പിതാവ് നേരിട്ട ആക്രമണം നേരിടാന്‍ പാടില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.