കൊച്ചി . മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രൽ പൊലീസ്. പരാതിയില്ലെന്ന് അധ്യാപകൻ ഡോക്ടർ സി.യു. പ്രിയേഷ് മൊഴി നൽകി. ഇതോടെയാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.
എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകൻ ഡോക്ടർ സി.യു. പ്രിയേഷ് ന്നെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവത്തിൽ കോളേജ് മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. തുടർന്ന് ഇന്ന് പോലിസ് മഹാരാജാസ് കോളേജിൽ എത്തി അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി. ഈ ഘട്ടത്തിലാണ് വിദ്യാർത്ഥികൾ അവരുടെ തെറ്റ് തിരിച്ചറിഞ്ഞെന്നും തനിക്ക് പരാതി ഇല്ലെന്നും അദ്ധ്യാപകൻ മൊഴി നൽകിയത്. ഇതോടെ കേസെടുക്കേണ്ടതില്ലെന്ന് പോലിസ് തീരുമാനിച്ചു. അതേസമയം കോളേജിന്റെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ഈ അന്വേഷണ റിപ്പോർട്ടിന് ശേഷമേ സസ്പെൻഷനിലായ 6 വിദ്യാർത്ഥികൾക്ക് എതിരെ കൂടുതൽ നടപടി വേണമോ എന്ന കാര്യത്തിൽ കോളേജ് അന്തിമ തീരുമാനമെടുക്കൂ.